കോഴിക്കോടിനെ ആശങ്കയിലാഴ്ത്തി വീണ്ടും എടിഎം കവര്‍ച്ച; ഇത്തവണ പോയത് 149,000 രൂപ

കോഴിക്കോടിനെ ആശങ്കയിലാഴ്ത്തി വീണ്ടും എടിഎം കവര്‍ച്ച. ആനിഹാള്‍ റോഡിലെ എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. കഴിഞ്ഞ തവണ സ്‌കിമ്മര്‍ ഉപയോഗിച്ചുള്ള കവര്‍ച്ചയാണ് നടന്നതെങ്കില്‍ ഇത്തവണ എടിഎം മെഷീന്‍ പ്രവര്‍ത്തനരഹിതമാക്കിയാണ് മോഷ്ടാക്കള്‍ പണം കവര്‍ന്നിരിക്കുന്നത്. എന്നാല്‍ മെഷിന്‍ ഓഫാക്കിയുള്ള തട്ടിപ്പായതിനാല്‍ ബാങ്കിന്റെ തല്‍ക്കാല്‍ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായിരിക്കുന്നത്.

എടിഎമ്മില്‍ നിന്ന് ആറുതവണയായി 149,000 രൂപയാണ് മോഷണം പോയിരിക്കുന്നതെന്നും, സംശയാസ്പദമായി സിസിടിവി ദൃശ്യങ്ങളില്‍പെട്ട നാല് പേരുടെ ദൃശ്യങ്ങളുള്‍പ്പടെ ബ്രാഞ്ച് മാനേജര്‍ പരാതി നല്‍കിയതായി കോഴിക്കോട് ടൗണ്‍ എസ്‌ഐ കെ.ശംഭുനാഥ് അറിയിച്ചു.

എടിഎം കണക്ടിവിറ്റി വിച്ഛേദിച്ച് മെഷിന്‍ ഓഫാക്കിയശേഷം വിവിധ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. പണമെത്തുന്ന സമയത്തുതന്നെ മെഷിന്‍ ഓഫാക്കിയുള്ള കവര്‍ച്ചയായതിനാല്‍ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് പണമൊന്നും നഷ്ടമായില്ല.അതുകൊണ്ടുതന്നെ തട്ടിപ്പ് നടന്ന വിവരം ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോഴാണ് അറിയാന്‍ കഴിഞ്ഞതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.

ആദ്യ കവര്‍ച്ച നടന്നിരിക്കുന്നത് ഡിസംബര്‍ 20നാണ്. 40,000 രൂപയാണ് അന്ന് കവര്‍ന്നത്. പിന്നീട് ജനുവരി 13 ന് രണ്ടുതവണയും, 20 ന് രണ്ടുതവണയുമായാണ് പണം മോഷ്ടിച്ചിരിക്കുന്നത്.

നഗരത്തിലെ എടിഎമ്മുകളില്‍ കവര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ വളരെ ഭീതിയിലാണ്. സ്‌കിമ്മര്‍ ഉപയോഗിച്ച് കോഴിക്കോട് നഗരത്തില്‍ നിന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വെള്ളിമാടുകുന്ന്, പന്തീരാങ്കാവ്, പള്ളിക്കണ്ടി എന്നിവിടങ്ങളിലെ എ.ടി.എം. കൗണ്ടറുകളില്‍ നിന്നായിരുന്നു സ്‌കിമ്മര്‍ ഉപയോഗിച്ച് പണം കവര്‍ന്നത്.