കോഴിക്കോട് എന്‍ഐടിയില്‍ അധ്യാപകന് നേരെ ആക്രമണം; കത്തികൊണ്ട് കുത്തി പരിക്കേൽപിച്ചു

കോഴിക്കോട് എന്‍ഐടി ക്യാമ്പസില്‍ അധ്യാപകന് നേരെ ആക്രമണം. കത്തികൊണ്ട് കുത്തുകയായിരുന്നു. മുക്കത്തുള്ള എന്‍ഐടി ക്യാമ്പസില്‍ ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. എന്‍ഐടിയിലെ സിവില്‍ എന്‍ജിനീയറിങ് പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. സംഭവത്തിൽ തമിഴ്നാട് സേലം സ്വദേശി വിനോദ് കുമാറിനെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

വിനോദ് കുമാര്‍ എന്‍ഐടിയിലെ വിദ്യാര്‍ത്ഥിയല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരുകയാണെന്നും പൊലീസ് വ്യക്തമാക്കി. എന്‍ഐടി ക്യാമ്പസിലെ ലൈബ്രറിക്ക് സമീപത്ത് വെച്ചാണ് അധ്യാപകനെ ആക്രമിച്ചത്. പരിക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്‍റെ കാരണവും എന്‍ഐടി ക്യാമ്പസില്‍ പ്രതി എത്തിയത് സംബന്ധിച്ചും മറ്റു വിവരങ്ങളും പൊലീസ് അന്വേഷിച്ചുവരുകയാണ്.

പിടിയിലായ പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പൊലീസിനോട് പറയുന്നത്. ഇരുവരും ഡൽഹി ഐഐടിയിൽ സഹപാഠികൾ ആണെന്നായിരുന്നു ആദ്യം പറഞ്ഞത്. വ്യക്തമായ മറുപടിയല്ല ഇയാള്‍ നല്‍കുന്നത്. പൊലീസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരുകയാണ്.