പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒളിവില്‍ പോയ പൊലീസുകാരന്‍ കീഴടങ്ങി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ പൊലീസുകാരന്‍ 11 മാസത്തിന് ശേഷം കീഴടങ്ങി. വലിയമല പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ എസ് എസ് അനൂപ് ആണ് കീഴടങ്ങിയത്.

ജനുവരിയിലാണ് അനൂപിനെതിരെ പീഡന പരാതിയില്‍ കേസെടുത്തത്. പരാതിയെ തുടര്‍ന്ന് അനൂപിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാലോട് കള്ളിപ്പാറ സ്വദേശിയാണ് 40കാരനായ അനൂപ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിക്ക് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കവേ കോടതി നിര്‍ദ്ദേശിച്ചത് പ്രകാരം ഇയാള്‍ വിതുര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

Read more

2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലാവകാശ കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത്. നാല് വര്‍ഷം മുന്‍പ് പെണ്‍കുട്ടിയുടെ അച്ഛനുമായുള്ള കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയിരുന്നു. അന്ന് അനൂപ് വിതുര സ്റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്. അന്ന് പെണ്‍കുട്ടിയുടെ അമ്മയുമായി അനൂപ് സൗഹൃദം സ്ഥാപിച്ചു. ഇവരുടെ വീട്ടിലെ നിത്യ സന്ദര്‍ശകനുമായി. ഈ സമയത്താണ് പീഡന ശ്രമം ഉണ്ടായത് എന്നായിരുന്നു പരാതി.