ഇടുക്കി ചെറുതോണിയില്‍ ആംബുലന്‍സിനുള്ളില്‍ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമം. സ്വകാര്യ ലാബിലെ ജീവനക്കാരനായ ആംബുലന്‍സ് ഡ്രൈവര്‍ കദളിക്കുന്നേല്‍ ലിസണിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേ ലാബിലെ യുവതികള്‍ക്ക് നേരെയാണ് അക്രമം ഉണ്ടായത്.
യുവതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ലാബ് ജീവനക്കാരുടെ ക്രിസ്മസ് ആഘോഷത്തിന് ശേഷം യുവതികളെ വീട്ടില്‍ കൊണ്ടുവിടാന്‍ ആംബുലന്‍സില്‍ പോകുന്നതിനിടെയായിരുന്നു സംഭവം.
അമിതമായി മദ്യപിച്ചിരുന്ന ലിസണ്‍ എന്ന കുട്ടപ്പന്‍ വാഹനം ഓടിക്കുന്നതിനിടയില്‍ യുവതികളെ കയറി പിടിക്കുകയായിരുന്നു. ബഹളം വച്ച് ആംബുലന്‍സ് നിര്‍ത്തിച്ച യുവതികള്‍ ഇറങ്ങിയോടി. എന്നാല്‍ പ്രതി യുവതികളെ വീണ്ടും അനുനയിപ്പിച്ച് വാഹനത്തില്‍ കയറ്റി.
പിന്നീട് കരിമ്പന്‍ ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് വീണ്ടും പീഡനശ്രമം ഉണ്ടായി. വണ്ടി നിര്‍ത്തി പിന്നില്‍ കയറി യുവതികളെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് യുവതികള്‍ ബഹളം വച്ചതോടെ ശ്രമം ഉപേക്ഷിച്ച് പ്രതി വീണ്ടും വാഹനം ഓടിച്ച് മുന്നോട്ടു പോയി.
വാഹനം ചുരുളിയില്‍ എത്തിയപ്പോള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയ ഇവര്‍ വഴിയില്‍ കാത്തു നിന്ന കൂട്ടത്തില്‍ ഒരാളുടെ പിതാവിനോട് കാര്യങ്ങള്‍ പറയുകയായിരുന്നു. അവശനിലയിലായിരുന്ന യുവതികളെ പിതാവും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
Read more
അവിടെ വച്ച് ഇടുക്കി പൊലീസെത്തി യുവതികളുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പ്രതിയുടെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.