കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തള്ളി പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാന്. പരാതി അടിസ്ഥാനരഹിതമാണ്. മോശമായി പെരുമാറി എന്ന് പറയുന്ന സമയത്ത് വണ്ടി ഓടിക്കുകയായിരുന്നു. പരാതി കെട്ടിച്ചമച്ചതാണെന്നും, ഇതിന് പിന്നില്‍ സ്വകാര്യ ബസ് ലോബിയോ, രാഷ്ട്രീയ നേതൃത്വമോ ഇടപെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും ഷാജഹാന് പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കൃഷണഗിരിക്ക് അടുത്ത വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിക്കാരി പറഞ്ഞത്. എന്നാല്‍ ബസ് കൃഷ്ണഗിരിയില്‍ എത്തിയത് ആറരയ്ക്കാണെന്ന് ഡ്രൈവര്‍ പറഞ്ഞു. പരാതിയ്ക്ക് പിന്നില്‍ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ഷാജഹാന് ആരോപിച്ചു.
ഷാജഹാനെതിരെ ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്. കെഎസ്ആര്‍ടിസി വിജിലന്‍സിന് ഇമെയിലായാണ് യുവതി പരാതി നല്‍കിയത്. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്സ് ബസിലാണ് സംഭവം നടന്നത്.
ബസിന്റെ ജനല്‍ നീക്കാന്‍ കഴിയാഞ്ഞതോടെ ഷാജഹാന്റെ സഹായം തേടിയപ്പോള്‍ അയാള്‍ ഗ്ലാസ് നീക്കാനെന്ന വ്യാജേന അടുത്തെത്തി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതി. ആ സമയം പ്രതികരിക്കാന്‍ കഴിഞ്ഞില്ല. തിരികെ ബെംഗളൂരുവില്‍ എത്തിയ ശേഷമാണ് യുവതി പരാതി നല്‍കിയത്. കെഎസ്ആര്‍ടിസി വിജിലന്‍സ് പരാതി പത്തനംതിട്ട ഡിടിഒക്ക് കൈമാറി. തുടര്‍നടപടി ഉണ്ടായില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കാനാണ് യുവതിയുടെ തീരുമാനം.
Read more
ഷാജഹാനോട് ഡിടിഒ വിശദീകരണം തേടിയപ്പോളാണ് അത്തരം ഒരു സംഭവം നടന്നിട്ടില്ലെന്ന് പറഞ്ഞത്. എന്നാല്‍ ഇയാള്‍ക്കെതിരെ മുമ്പും സമാന പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് വിവരം.