തിരുവനന്തപുരം വര്‍ക്കലയില്‍ റെയില്‍വേ ക്രോസില്‍ ഓട്ടോറിക്ഷ പൂട്ടിയിട്ട സംഭവത്തില്‍ ഗേറ്റ് കീപ്പര്‍ സതീഷ് കുമാറിന് സസ്പെന്ഷന്. റെയില്‍വേ ഗേറ്റ് തുറക്കാന്‍ വൈകിയത് ചോദ്യം ചെയ്തതിന് പാളത്തിന് നടുവിലായി ഓട്ടോറിക്ഷയെയും യാത്രക്കാരെയും സതീഷ് പൂട്ടിയിട്ടു എന്ന് പരാതിയെ തുടര്‍ന്നാണ് നടപടി.
വര്‍ക്കല പുന്നമൂട് റെയില്‍വേ ഗേറ്റില്‍ ബുധനാഴ്ച രാവിലെ 4.30ന് ആയിരുന്നു സംഭവം. മലയിന്‍കീഴ് സ്വദേശി സാജനും അമ്മയും യാത്ര ചെയ്ത ഓട്ടോയാണ് പൂട്ടിയിട്ടത്. തീവണ്ടി പോയിക്കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാന്‍ വൈകിയപ്പോള്‍ ഉറങ്ങിപ്പോയോ എന്ന് ചോദിച്ചതിനാണ് പൂട്ടിയിട്ടത് എന്ന് പരാതിയില്‍ പറയുന്നു. ലിഫ്റ്റിംഗ് ബാരിയര്‍ താഴ്ത്തി 10 മിനിറ്റോളം ഇവരെ ഗേറ്റിനുള്ളില്‍ തടഞ്ഞിട്ടു.
Read more
സംഭവത്തില്‍ വര്‍ക്കല സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ആശിഷ് റെയില്‍വേ അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. ഗുരുതരമായ പിഴവാണ് ഗേറ്റ് കീപ്പറുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയില്‍വെ അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ താന്‍ വാഹനം തടഞ്ഞിട്ടില്ലെന്നാണ് ഗേറ്റ് കീപ്പരുടെ വാദം. യാത്രക്കാര്‍ അസഭ്യം പറഞ്ഞത് പ്രകോപനത്തിന് കാരണമായി എന്നും പെട്ടെന്നു തന്നെ ഗേറ്റ് തുറന്നു കൊടുത്തുവെന്നും ഗേറ്റ് കീപ്പര്‍ പറയുന്നു.