'രാഷ്ട്രീയപരമായി ബി.ജെ.പി പരാജയപ്പെട്ടിട്ടില്ല'; കോര്‍പ്പറേഷനില്‍ കയറാന്‍ അനുവദിച്ചില്ലെങ്കിൽ വഴി നടക്കാമെന്ന് വിചാരിക്കേണ്ടെന്ന് ബി. ഗോപാലകൃഷ്ണൻ

തൃശൂര്‍ കോര്‍പ്പറേഷനില്‍ കയറാന്‍ തന്നെ അനുവദിച്ചില്ലെങ്കിൽ, മര്യാദയ്ക്ക് വഴി നടക്കാമെന്ന് വിചാരിക്കേണ്ടന്ന് ഭീഷണിയുമായി ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന വക്താവുമായ ബി ഗോപാലകൃഷ്ണൻ. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ കോർപ്പറേഷനിൽ ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫ്- എൽഡിഎഫ് അവിശുദ്ധ ബന്ധം ഉണ്ടാക്കിയെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.

‘ഇത്തവണ കോർപ്പറേഷനിൽ കയറ്റാൻ തന്നെ അനുവദിച്ചിട്ടില്ലെങ്കിൽ, കോർപ്പറേഷന് പുറത്ത് ഇനി ഇവർ യഥാവിധി സഞ്ചരിക്കുമെന്ന് വിചാരിക്കേണ്ടതില്ല. അതിശക്തമായ പ്രക്ഷോഭവും, അതിശക്തമായ സംഘടനാപരമായിട്ടുള്ള ചുമതലയുമായി ഈ കോർപ്പറേഷൻ പരിധിയിൽ തന്നെ ഉണ്ടാകും’- ഗോപാലകൃഷ്ണൻ പറഞ്ഞു.

രാഷ്ട്രീയപരമായി ബിജെപി പരാജയപ്പെട്ടിട്ടില്ലെന്നും, രാഷ്ട്രീയപരമായി സിപിഐഎമ്മിന് ഗോപാലകൃഷ്ണനെയോ ബിജെപിയെയോ പരാജയപ്പെടുത്താനാകില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. അതേസമയം സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണന്റെ തോൽവി പരിശോധിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റും പറഞ്ഞു. അടാട്ട് പഞ്ചായത്തിൽ അനിൽ അക്കരയുടെ വാർഡിൽ എൻഡിഎ വിജയിച്ചു. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്.

Read more

തൃശൂർ കോർപ്പറേഷനിൽ എൻഡിഎയുടെ മേയർ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ 241 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. കുട്ടൻകുളങ്ങര സീറ്റിലാണ് ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിംഗ് സീറ്റിലാണ് ബി. ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത്.