പാലക്കാട് മലമ്പുഴ ചേറാട് കൂര്‍മ്പാച്ചി മലയില്‍ അകപ്പെടുകയും ആശങ്കകള്‍ നീണ്ട മണിക്കൂറുകള്‍ക്ക് ശേഷം സൈന്യം രക്ഷപ്പെടുത്തുകയും ചെയ്ത ബാബു ആശുപത്രി വിട്ടു. പരിശോധനയില്‍ ബാബുവിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. രക്ഷപ്പെടുത്തും എന്ന് തന്നെയായിരുന്നു പ്രതിക്ഷ ഉണ്ടായിരുന്നതെന്നും യാത്രകള്‍ വളരെ ഇഷ്ടമാണെന്നും, മലകയറാന്‍ തോന്നിയാല്‍ ഇനിയും കയറുമെന്നും ബാബു പറഞ്ഞു.
കൂട്ടുകാരോടൊപ്പം മല കയറാന്‍ പോയതാണ്. അവര്‍ പകുതി വഴിയില്‍ തിരിച്ച് താഴേക്ക് ഇറങ്ങിയെങ്കിലും, താന്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെറ്റി താഴേക്ക് വീണുവെന്ന് ബാബു പറഞ്ഞു. പിന്നീട് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു. കൂട്ടുകാര്‍ എല്ലാവരേയും വിളിച്ച് കൊണ്ടുവരാമെന്ന് പറഞ്ഞു.
മലയിടുക്കില്‍ കുടുങ്ങിയിരുന്ന സമയം പേടി തോന്നിയിരുന്നില്ലെന്ന് ബാബു പറഞ്ഞു. ഇതിനിടയില്‍ സ്വയം താഴേക്കിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. രാത്രിയില്‍ ഗുഹയില്‍ ശക്തമായ തണുപ്പായിരുന്നു. താഴെ നടക്കുന്നത് എല്ലാം കാണാമായിരുന്നു. രക്ഷാ പ്രവര്‍ത്തകര്‍ വിളിക്കുമ്പോള്‍ അവര്‍ക്ക് മറുപടി നല്‍കിയിരുന്നു. ഫയര്‍ ഫോഴ്‌സ് വന്ന് പെട്ടെന്ന് രക്ഷപ്പെടുത്താന്‍ സാധിച്ചാല്‍ രക്ഷപ്പെടാം അല്ലെങ്കില്‍ താഴോട്ട് ഇറങ്ങിവന്ന് രക്ഷപ്പെടാം എന്നാണ് വിചാരിച്ചിരുന്നത്. മുകളിലേക്ക് കയറാന്‍ കഴിയില്ല. താഴേക്ക് വീണതല്ലെന്നും തണുപ്പില്‍ ഇരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സ്വയം ഇറങ്ങിയതാണെന്നും ബാബു പറഞ്ഞു.
Read more
വീട്ടില്‍ ഫുട്‌ബോള്‍ കളിക്കാന്‍ എന്നു പറഞ്ഞാണ് ഇറങ്ങിയത്. മലയിടുക്കില്‍ നിന്ന് രക്ഷപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു എന്നും തന്നെ രക്ഷപ്പെടുത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദിയെന്നും ബാബു പറഞ്ഞു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ബാബുവിനെ കാണാന്‍ വലിയ ജനക്കൂട്ടമാണ് ആശുപത്രിക്ക് പുറത്തും വീട്ടിലും എത്തിയിരുന്നത്.