അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അര്‍പ്പിച്ച പ്രമുഖ വ്യവസായി ലുലു ഗ്രൂപ്പ് ഉടമയുമാ എംഎ യൂസഫ് അലി. ആത്മ സുഹൃത്തായിരുന്നു കോടിയേരിയെന്ന് യൂസഫ് അലി അനുസ്മരിച്ചു. പ്രിയ സുഹൃത്തിന്റെ വേര്‍പാടില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ യൂസഫ് അലി കൊച്ചിയിലെ ലുലു മാളിലേക്കുള്ള തന്റെ ആദ്യചുവടുവെപ്പിന് കോടിയേരി നിമിത്തമായതും ഓര്‍ത്തെടുത്തു.
‘കേരള രാഷ്ട്രീയ രംഗത്തെ നിസ്വാര്‍ത്ഥ സേവകനായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത നിര്യാണം ഏറെ വേദനയോടും ദു:ഖത്തോടെയുമാണ് ഞാന്‍ ശ്രവിച്ചത്. നിയമസഭാ സമാജികന്, പ്രതിപക്ഷ ഉപനേതാവ്, മന്ത്രി, പാര്‍ട്ടി സെക്രട്ടറി എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായിരുന്നു. ദീര്‍ഘകാലമായുള്ള സഹോദര ബന്ധമായിരുന്നു അദ്ദേഹവുമായി എനിക്കുണ്ടായിരുന്നത്.’
‘എന്റെ ആത്മസുഹൃത്തായിരുന്നു കോടിയേരി. 15 ദിവസം മുമ്പ് ദുബൈയില്‍ വന്ന കോടിയേരി ഷോപ്പിംഗ് മാള്‍ സന്ദര്‍ശിച്ച ശേഷം ഇതുപോലെ ഒന്ന് നമുക്കും വേണമെന്ന് പറഞ്ഞു. കൊച്ചിയിലെ ലുലുമാള്‍ ഉണ്ടാക്കാനുള്ള പ്രചോദനം തന്നത് ഞാന്‍ ബാലേട്ടന് എന്ന് വിളിക്കുന്ന കോടിയേരിയാണ്’ യൂസഫ് അലി പറഞ്ഞു.
കോടിയേരിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര വീട്ടില്‍ നിന്നും കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പുറപ്പെട്ടു. വൈകിട്ട് മൂന്ന് വരെ പാര്‍ട്ടി ഓഫീസിലാകും പൊതുദര്‍ശനം.
ശേഷം മൃതദേഹം പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും.
Read more
വൈകിട്ട് മൂന്ന് മണിക്കാണ് സംസ്കാര ചടങ്ങുകള്‍ തുടങ്ങുന്നത്. കാല്‍നടയായാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും പയ്യാമ്പലത്തേക്ക് ഭൗതിക ശരീരം കൊണ്ടുപോകുക. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തും.