പെരിയ ഇരട്ടക്കൊലപാതക കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റയും,ശരത് ലാലിന്റെയും കുടുംബങ്ങള്‍ രംഗത്ത്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് കുടുംബം പറയുന്നത്. കൊലപാതകത്തിലും, ഗൂഢാലോചനയിലുമടക്കം പങ്കുള്ളവരിലേക്ക് അന്വേഷണം നീട്ടണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്ന് ശരത് ലാലിന്റെ കുടുംബം വ്യക്തമാക്കി.
പെരിയ ഇരട്ടക്കൊല കേസില്‍ 24 പേരെ പ്രതി ചേര്‍ത്താണ് സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിന്റെ പകര്‍പ്പ് കിട്ടിയ ശേഷം ഹര്‍ജി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.
സി.പി.ഐ.എം പ്രാദേശിക നേതാവ് പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. മുന്‍ ഉദുമ എം.എല്‍.എയും പാര്‍ട്ടി കാസര്‍ഗോഡ് ജില്ല സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമന്‍ അടക്കം കേസില്‍ പ്രതികളാണ്. കെ.വി കുഞ്ഞിരാമന്‍, സി.പി.എം നേതാവ് കെ.വി ഭാസ്‌കരന്‍, ഇരുപത്തി മൂന്നാം പ്രതി ഗോപന്‍ വെളുത്തോളി, ഇരുപത്തി നാലാം പ്രതി സന്ദീപ് വെളുത്തോളി എന്നിവര്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
Read more
2019 ഫെബ്രുവരി 17 നാണ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടികൊലപ്പെടുത്തിയത്. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈര്യമാണെന്ന് സി.ബി.ഐ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. മുഖ്യപ്രതി എ.പീതാംബരന്‍ ഉള്‍പ്പടെ 16 പേര്‍ നിലവില്‍ റിമാന്‍ഡിലാണ്.