പെരിയ ഇരട്ടക്കൊലപാതകം; കെ.വി കുഞ്ഞിരാമന്‍ അടക്കം നാല് പേര്‍ക്ക് ജാമ്യം

പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞുരാമന്‍ അടക്കം നാല് പേര്‍ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. പ്രതികളോട് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ.വി കുഞ്ഞുരാമനെ കൂടാതെ സിപിഎം നേതാവ് കെ.വി ഭാസ്‌കരന്‍, ഇരുപത്തി മൂന്നാം പ്രതി ഗോപന്‍ വെളുത്തോളി, ഇരുപത്തി നാലാം പ്രതി സന്ദീപ് വെളുത്തോളി എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. കേസില്‍ സിബിഐ പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് ഇവര്‍ ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാകുകയായിരുന്നു.

സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം വിചാരണ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് ഡിസംബര്‍ 15ന് എല്ലാ പ്രതികളോടും ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നോട്ടീസ് ലഭിക്കാന്‍ വൈകിയതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ല. ഇക്കാര്യം കുഞ്ഞിരാമന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും സാവകാശം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് പരിഗണിച്ചാണ് ഇന്ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.

കേസിലെ രണ്ടാം പ്രതിയെ രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു, പ്രതികള്‍ക്ക് സംരക്ഷണം നല്‍കി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കെ.വി കുഞ്ഞിരാമനെ പ്രതി ചേര്‍ത്തിരിക്കുന്നത്. ആകെ 24 പ്രതികളുള്ള കേസില്‍ 16 പേര്‍ ഇപ്പോള്‍ ജയിലിലാണ്. കേസില്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 29 വരെ നീട്ടിയിരിക്കുകയാണ്. കേസില്‍ അവസാനമായി അറസ്റ്റ് ചെയ്ത അഞ്ച് പേര്‍ കാക്കനാട് സബ് ജയിലിലാണ് കഴിയുന്നത്. ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിലും സിബിഐ എതിര്‍ത്തിരുന്നു. ഈ അപേക്ഷ 29ന് പരിഗണിക്കും.