ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയ സര്‍ക്കാര്‍ മാപ്പ് പറയണം; അടിയന്തര നിയമനടപടി സ്വീകരിക്കണം; സ്ത്രീകള്‍ക്ക് അന്തസായി തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് ബിജെപി

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതിന് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ അടിയന്തരമായി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇടതുപക്ഷ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.

സിനിമാ സെറ്റുകളിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കണം. സിനിമാ സെറ്റുകള്‍ സ്ത്രീ സൗഹാര്‍ദ്ദമാക്കാന്‍ വേണ്ട ഇടപെടലുകള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. ശുചിമുറികളും വസ്ത്രം മാറാനുള്ള സൗകര്യങ്ങളും ഉറപ്പു വരുത്തണം. ഇതുവരെ വേട്ടക്കാര്‍ക്കൊപ്പമുള്ള നിലപാടെടുത്തത് ഇനിയെങ്കിലും സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാവണം.

Read more

ഇരകളുടെ വിവരങ്ങള്‍ മറച്ചുവെക്കേണ്ടത് സര്‍ക്കാരിന്റെ നിയമപരമായ ബാധ്യതയാണ്. എന്നാല്‍ അതിക്രമം നടത്തിയവരുടെ വിവരങ്ങള്‍ മറച്ചുവെച്ചത് എന്തിന്റെ പേരിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിനിമാ സെറ്റുകളിലെ സമാന്തര ഭരണം ഇല്ലാതാക്കി സ്ത്രീകള്‍ക്ക് അന്തസായി തൊഴില്‍ ചെയ്യാനുള്ള സാഹചര്യം സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.