കളഞ്ഞു കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടി; ബിജെപി വനിതാ നേതാവും സഹായിയും അറസ്റ്റിൽ

കളഞ്ഞു കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ കേസിൽ ബിജെപി വനിതാ നേതാവും സഹായിയും പിടിയിൽ. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗവും മഹിള മോർച്ച ഭാരവാഹിയുമായ സുജന്യ ഗോപി (42) ഇവരുടെ സഹായി കല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസിൽ സലിഷ് മോൻ (46) എന്നിവരെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ സ്വദേശി വിനോദ് എബ്രഹാമിന്റെ പരാതിയിലാണ് കേസ്.

മാർച്ച് 14ന് രാത്രിയാണ് എടിഎം കാർഡ് അടങ്ങുന്ന വിനോദിന്റെ പേഴ്സ് കല്ലിശ്ശേരി കെഎം ചെറിയാൻ ആശുപത്രിക്ക് സമീപം വെച്ച് നഷ്ടപ്പെട്ടത്. എടിഎം കാർഡിനോടൊപ്പം പിൻ നമ്പറും എഴുതിയിരുന്നു. ഓട്ടോ ഡ്രൈവറായ സലിഷ് മോനാണ് വിനോദിന്റെ പേഴ്സ് ലഭിച്ചത്. പേഴ്സ് ലഭിച്ച വിവരം സലിഷ് സുജന്യയെ അറിയിച്ചു. തുടർന്ന് ഇരുവരും ചേർന്ന് മാർച്ച് 15ന് രാവിലെ ആറിനും എട്ടിനും ഇടയിൽ ബുധനൂർ, പാണ്ടനാട്, മാന്നാർ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളിൽ എത്തി 25,000 രൂപ പിൻവലിക്കുകയായിരുന്നു.

                                              സുജന്യ ഗോപി, സലിഷ് മോൻ

തുക പിൻവലിച്ചതിന്റെ അറിയിപ്പ് മൊബൈലിൽ വന്നതോടെ വിനോദ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. എടിഎം കാർഡ് പിന്നീട് കല്ലിശ്ശേരി റെയിൽവേ മേൽപ്പാലത്തിനു സമീപത്തുള്ള റോഡിൽ നിന്നു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സുജന്യയും സലിഷുംചേർന്നാണ് എടിഎമ്മിൽനിന്നു പണം പിൻവലിച്ചതെന്നു കണ്ടെത്തി. തുടർന്ന് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Read more