പത്തനംതിട്ട ഡി.സി.സി ഓഫീസിന് മുന്നില്‍ കരിങ്കൊടി കെട്ടിയ സംഭവം: യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് എതിരെ മൊഴി

.പത്തനംതിട്ട ഡിസിസി ഓഫീസിന് മുന്നിൽ കരിങ്കൊടി കെട്ടിയ സംഭവത്തിൽ പാർട്ടി അന്വേഷണം യൂത്ത് കോൺഗ്രസ് നേതാക്കളിലേക്ക്. സംഭവം അന്വേഷിക്കുന്ന മൂന്നംഗ കമ്മീഷന് മുന്നിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി പ്രവാഹം. ഡിസിസി പ്രസിഡന്റിന്റെ പരാതിയിൽ പൊലീസും കേസന്വേഷിക്കുന്നുണ്ട്. രണ്ടാഴ്ചയായി അന്വേഷണം നടത്തുന്ന കമ്മീഷൻ അംഗങ്ങൾ നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാക്കളിൽ നിന്നും പ്രവർത്തകരിൽ നിന്നും വിവരങ്ങൾ തേടി.

കമ്മീഷന് മുന്നിൽ ഹാജരായവരാണ് ആറന്മുളയിലെ യൂത്ത് കോൺഗ്രസിന്റെ താക്കോൽ സ്ഥാനത്തിരിക്കുന്ന ചിലർക്കെതിരെ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്. ആറന്മുള അസംബ്ലി യൂത്ത് കോൺഗ്രസിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസിലെത്തി രണ്ട് പേർ കരിങ്കൊടികെട്ടിയെന്നും പോസ്റ്റ‌ർ പതിപ്പിച്ചെന്നും ചിലർ മൊഴി നൽകി. എ ഗ്രൂപ്പിൽ നിന്ന് ഡിസിസി പ്രസിഡന്റ് സ്ഥാനം ആഗ്രഹിച്ചിരുന്ന ഒരാൾ യൂത്ത്കോൺഗ്രസ് നേതാക്കൾക്ക് ഒത്താശ ചെയ്തുകൊടുത്തതായും കമ്മീഷന് സൂചനയുണ്ട്. എന്നാൽ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് മൂന്നംഗ കമ്മീഷന്റെ തീരുമാനം.

ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ച ആഗസ്റ്റ് 28 ന് രാത്രിയിലാണ് നഗര മധ്യത്തിലുള്ള ഡിസിസി ഓഫീസിന് മുന്നിൽ കരിങ്കൊടി ഉയർന്നത്. പാർട്ടി പതാക താഴ്ത്തി കരിങ്കൊടി ഉയർത്തിക്കെട്ടിയത് നേതൃത്വത്തെ ചൊടുപ്പിച്ചു. ഡിസിസി പ്രസിഡന്റായി സതീഷ് കൊച്ചുപറന്പിൽ ചുമതലയേറ്റ ഉടൻ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതടക്കമുള്ള കടുത്ത നടപടികൾ ഉണ്ടാവുമെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.