കെ സുരേന്ദ്രന് പകരം രാജീവ് ചന്ദ്രശേഖർ വരണം; സമ്മർദ്ദം ശക്തമാക്കി ദേശീയ നേതാക്കൾ, ബിജെപി പുതിയ അധ്യക്ഷനെ ഉടാനറിയാം

ബിജെപി സംസ്ഥാന അധ്യക്ഷനെ ഉടനറിയാം. നിലവിലെ അധ്യക്ഷനായ കെ സുരേന്ദ്രന് പകരം മുൻ എംപി രാജീവ് ചന്ദ്രശേഖർ വരണമെന്നാണ് നേതാക്കളുടെ ആവശ്യം. ഇതിന്റെ ഭാഗമായി രാജീവ് ചന്ദ്രശേഖറുമായി അമിത് ഷാ അടക്കമുളള നിരവധി ദേശീയ നേതാക്കൾ കൂടിക്കാഴ്ച നടത്തി. അതേസമയം നിലവിലെ സാഹചര്യത്തിൽ രാജീവ് ചന്ദ്രശേഖർ നേതൃനിരയിലേക്ക് വരുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റ് നോക്കുന്നത്.

രാജീവ് ചന്ദ്രശേഖറിനുമേൽ സമ്മർദ്ദം ശക്തമാണെങ്കിലും കേരളത്തിലെ ബിജെപിക്കുള്ളിലെ ഗ്രൂപ്പ് തർക്കങ്ങൾ അടക്കമുളള പ്രായോഗിക ബുദ്ധിമുട്ടുകൾ രാജീവ് ചന്ദ്രശേഖർ ദേശീയ നേതാക്കൾക്ക് മുൻപിൽ ആവർത്തിച്ചതായാണ് സൂചന. രാജീവ് ചന്ദ്രശേഖറിൻ്റെയും എം ടി രമേശിൻ്റെയും പേരാണ് പുതിയ സംസ്ഥാന അധ്യക്ഷന്റെ പരി​ഗണനാ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അമിത് ഷാ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രസിഡൻ്റാകുന്നതുമായി ബന്ധപ്പെട്ട് അമിത് ഷാ രാജീവ് ചന്ദ്രശേഖറിന്റെ അഭിപ്രായം തേടുകയും ചെയ്തിരുന്നു.

കേരളത്തിൽ നേതൃമാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. എന്നാൽ അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരുന്നതിൽ രാജീവ് ചന്ദ്രശേഖറിന് താത്പര്യമില്ല എന്നാണ് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. കേരളത്തിൽ സ്ഥിരമായി തുടരേണ്ടി വരുമെന്നതായിരുന്നു അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിൽ നിന്നും രാജീവ് ചന്ദ്രശേഖർ പിൻവലിയാനുള്ള പ്രധാനകാരണമായത്. കേരളത്തിലെ ബിജെപിയിലെ ​​ഗ്രൂപ്പിസവും താഴെതട്ടിലെ നേതാക്കളുമായി അടുപ്പമില്ലാത്തതും രാജീവ് ചന്ദ്രശേഖർ അമിത് ഷായ്ക്ക് മുൻപാകെ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം ജനുവരി 20ന് ഉള്ളിൽ തന്നെ പുതിയ സംസ്ഥാന അധ്യക്ഷനെ അറിയാൻ സാധിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

Read more