നെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ പൊളിച്ചു; ചങ്ക് അറ്റംവരെ പൂജദ്രവ്യങ്ങള്‍ മൂടി, മൃതദേഹം ഇരിക്കുന്ന നിലയില്‍; സ്ഥലത്ത് രൂക്ഷമായ ദുര്‍ഗന്ധം; പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉടന്‍

നെയ്യാറ്റിന്‍കര അതിയന്നൂര്‍ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ ഗോപന്‍ സ്വാമിയുടെ
കല്ലറ തുറന്നു. കല്ലറയില്‍ ഇരിക്കുന്ന തരത്തിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സ്ലാബ് തകര്‍ത്താണ് മൃതദേഹം പുറത്തെടുത്തത്. ചങ്ക് അറ്റംവരെ പൂജദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ്. അഴുകി തുടങ്ങിയ മൃതദേഹത്തില്‍ നിന്നും രൂക്ഷമായ ഗന്ധമാണ് ഉയരുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അല്‍പസമയത്തിനുള്ളില്‍ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

പ്രതിഷേധം കണക്കിലെടുത്ത് രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. രാവിലെ10 പത്തിന് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പോലീസിന്റെ നീക്കം.

ഗോപന്‍ സ്വാമിയുടെ ഭാര്യയും രണ്ട് മക്കളും നല്‍കിയ ഹര്‍ജിയില്‍ കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എങ്ങനെ മരിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും ഹൈക്കോടതി ഇന്നലെ നിലപാട് എടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഇന്നു തുടര്‍നടപടി സ്വീകരിക്കാന്‍ കലക്ടര്‍ അനുകുമാരി സബ്കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.

കല്ലറ പൊളിക്കുന്നത് പാപമാണെന്നും ഡോക്ടറും ഉദ്യോഗസ്ഥരും മൃതദേഹത്തില്‍ തൊട്ടാല്‍ ചൈതന്യം പോകുമെന്നുമുള്ള വാദമാണ് കുടുംബത്തിന്. സമാധി ആകണമെന്ന് അച്ഛന്റെ ആഗ്രഹമായിരുന്നുവെന്നും തങ്ങള്‍ അത് പൂര്‍ത്തികരിക്കുക മാത്രമാണ് ചെയ്തതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.