തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശിയായ അമൃതയാണ് പൂര്‍ണ വളര്‍ച്ചയെത്താത്ത നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ടത്. പൂര്‍ണ വളര്‍ച്ചയെത്താത്ത പെണ്‍കുട്ടിയുടെ മൃതദേഹമാണ് വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

പോത്തന്‍കോട് വാവറയമ്പലത്ത് പ്രവര്‍ത്തിക്കുന്ന പുല്ലുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പ്രസവത്തെ തുടര്‍ന്ന് അമിത രക്തശ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അമൃതയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍മാരാണ് കുട്ടിയുടെ മരണവിവരം അറിഞ്ഞത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് പോത്തന്‍കോട് പൊലീസും പഞ്ചായത്ത് അധികൃതരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കുട്ടിയുടെ മരണ ശേഷമാണോ കുഴിച്ചിട്ടതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.