സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി; കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരന് സസ്പെന്‍ഷന്‍

സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍വകലാശാലയിലെ പരീക്ഷാ ഭവന്‍ അസിസ്റ്റന്റ് എം.കെ മന്‍സൂറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മന്‍സൂര്‍ കൈക്കൂലി വാങ്ങി എന്നാരോപിച്ച് മലപ്പുറം സ്വദേശിനിയാണ് പരാതി നല്‍കിയിരുന്നു. ഈ പരാതിയെ തുടര്‍ന്നാണ് നടപടി.

സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും ഉള്‍പ്പെടെ നല്‍കുന്നതിന് കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് എംജി സര്‍വകലാശാലയിലെ അസിസ്റ്റന്റ് സി ജെ എല്‍സി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. എം.ബിഎ വിദ്യാര്‍ത്ഥിയില്‍ നിന്നും ഒന്നര ലക്ഷം രൂപയാണ് ഇവര്‍ കൈക്കൂലിയായി വാങ്ങിയത്. നേരത്തെയും എല്‍സി ഇത്തരത്തില്‍ കൈക്കൂലി വാങ്ങിയിട്ടുള്ളതായി സൂചനയുണ്ട്. ഇക്കാര്യത്തില്‍ വിജിലന്‍സ് വിശദമായ അന്വേഷണം നടത്തും.

അതേ സമയം എല്‍സിയുടെ നിയമനത്തിലും ക്രമക്കേട് സംഭവിച്ചതായി ആരോപണങ്ങളുണ്ട്. അനധ്യാപക നിയമനങ്ങള്‍ പിഎസ്‌സിക്കവിട്ടതിന് ശേഷവുംഎം.ജി സര്‍വകലാശാലയില്‍ ചട്ടം ലംഘിച്ച് 49 നിയമനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ധനകാര്യ പരിശോധന വിഭാഗം 2020ലാണ് ഇക്കാര്യം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. എല്‍സിയുടെ നിയമനം ഉള്‍പ്പെടെ റദ്ദാക്കണമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ നടപടി ഉണ്ടായില്ല.