ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കോഴയാരോപണം; പരാതിക്കാരൻ ഹരിദാസ് ഇന്നും സ്റ്റേഷനിൽ ഹാജരായില്ല, ഫോണിലും കിട്ടുന്നില്ലെന്ന് പൊലീസ്

ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കോഴ വാങ്ങിയെന്ന പരാതി ഉന്നയിച്ച മലപ്പുറം സ്വദേശി ഹരിദാസ് ഇന്നും കന്റോമെന്റ് സ്റ്റേഷനിൽ ഹാജരായില്ല. ഹരിദാസിനെ ഫോണിലും ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാരൻ ഹരിദാസന്റെ സുഹൃത്തും മുൻ എഐഎസ്എഫ് മലപ്പുറം ജില്ലാ നേതാവുമായ കെപി ബാസിതിനെ പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. ഹരിദാസനോടും ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അന്വേഷണസംഘം നിർദ്ദേശിച്ചിരുന്നത്.

ഹരിദാസിന്റെ മൊഴിയിലും ദുരൂഹത ഉണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. ഏപ്രിൽ 10ന്‌ തിരുവനന്തപുരത്തെത്തി ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗം അഖിൽ മാത്യുവിന്‌ ഒരുലക്ഷം രൂപ നൽകിയെന്ന്‌ പറഞ്ഞ ഹരിദാസൻ പിന്നീട്‌ പലതവണ വാക്കുമാറ്റി പറഞ്ഞിരുന്നു. അഖിൽ മാത്യുവിന്റെ ചിത്രം കാണിച്ചപ്പോൾ ഇയാൾ തന്നെയെന്ന്‌ ഉറപ്പിച്ചുപറഞ്ഞ ഹരിദാസൻ പിന്നീട്‌ ഉറപ്പില്ലെന്നും കണ്ടാൽ തിരിച്ചറിയില്ലെന്നും കാഴ്‌ചക്കുറവുണ്ടെന്നും മാറ്റിപ്പറഞ്ഞു.

അതേസമയം ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ മറവിൽ നടന്ന നിയമന തട്ടിപ്പിൽ ആദ്യ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മുഖ്യപ്രതി അഖിൽ സജീവിന്‍റെ സുഹൃത്തും കോഴിക്കോട്ടെ അഭിഭാഷകനുമായ റഹീസിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ ഹരിദാസന്റെ മരുമകൾക്ക് ഉടൻ ജോലി ലഭിക്കുമെന്ന് ആരോഗ്യകേരളത്തിന്റെ പേരിൽ വ്യാജ ഈമെയിൽ സന്ദേശം അയച്ചത് അഖിൽ സജീവും റഹീസും ചേർന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. റഹീസിന്റ ഫോണിൽ നിന്നാണ് വ്യാജ ഈ മെയിൽ അയച്ചിരിക്കുന്നത്.