ക്വാറി ഉടമകളില്‍ നിന്ന് കൈക്കൂലി, സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷണം

തിരുവനന്തപുരത്ത് സി.പി.എം ജില്ലാ കമ്മിറ്റി അംഗം മടവൂര്‍ അനിലിനെതിരെ പാര്‍ട്ടി അന്വേഷണം. ക്വാറികളില്‍ നിന്ന് പാറ കൊണ്ടു പോകുന്ന ലോറിക്കാരില്‍ നിന്ന് കമ്മീഷന്‍ വാങ്ങുന്നുവെന്ന പരാതിയിലാണ് ജില്ലാ കമ്മിറ്റി അന്വേഷണം പ്രഖ്യാപിച്ചത്. കിളിമാനൂര്‍ ഏരിയ കമ്മിറ്റിക്കാണ് പരാതി ലഭിച്ചത്. കേരള മൈനിങ് കോര്‍പറേഷന്‍ ചെയര്‍മാനും കിളിമാനൂര്‍ മുന്‍ ഏരിയാ സെക്രട്ടറിയുമാണ് മടവൂര്‍ അനില്‍.

ആനത്തലവട്ടം ആനന്ദന്റെ ഭാര്യ സഹോദരിയുടെ പുത്രന്‍ രഞ്ജിത്ത് ഭാസിയാണ് പരാതി നല്‍കിയത്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് ക്വാറികളില്‍ നിന്ന് പാറ കൊണ്ടുപോകുന്ന ലോറിക്കാരില്‍ നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം. പോര്‍ട്ട് നിര്‍മ്മാണത്തിനായി അദാനിക്കുവേണ്ടി പാറ ഖനനം നടത്തുന്ന ക്വാറിയിലെ ട്രാന്‍സ്പോര്‍ട്ടിങ് കരാറുകാരനാണ് രഞ്ജിത്ത് ഭാസി.

തൊഴിലാളികള്‍ക്ക് കിലോമീറ്ററിന് നാല് രൂപ 50 പൈസ നിരക്കിലാണ് ലോഡ് കയറ്റി അയക്കുന്നത്. ചില വാഹനങ്ങള്‍ക്ക് 5 രൂപ 25 പൈസ ഈടാക്കുന്നുണ്ട. എന്നാല്‍ കൂടുതല്‍ ഈടാക്കുന്നത് പാര്‍ട്ടിക്കുള്ള കമ്മീഷനായി എടുക്കുന്നുവെന്നാണ് പരാതി.

പരാതി മൂന്നംഗ കമ്മിറ്റിയാണ് അന്വേഷിക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ബി.പി മുരളിയാണ് അധ്യക്ഷന്‍. സംസ്ഥാന സമിതിയംഗം വി. ജോയ്, ജില്ലാ സെക്രട്ടേറിയറ്റംഗം ആര്‍. രാമു എന്നിവരാണ് മറ്റ് കമ്മീഷന്‍ അംഗങ്ങള്‍. അതേസമയം ആരോപണങ്ങള്‍ മടവൂര്‍ അനില്‍ നിഷേധിച്ചു.