വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസ്; സി.പി.എം നേതാവ് സക്കീര്‍ ഹുസൈന്‍ ഉള്‍പ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടു

വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നിന്ന് സിപിഎം നേതാവ് സക്കീർ ഹുസൈൻ അടക്കമുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി സക്കീർ ഹുസൈൻ, രണ്ടാം പ്രതി കറുകപ്പള്ളി സിദ്ദിഖ്, മൂന്നാം പ്രതി തമ്മനം ഫൈസൽ, നാലാം പ്രതി ഷീല തോമസ് എന്നിവരെയാണ് വെറുതെ വിട്ടത്. എറണാകുളം ജെഎഫ്സിഎം കോടതിയുടേതാണ് ഉത്തരവ്. പരാതിക്കാരനായ ജൂബി പോൾ അടക്കമുള്ള മുഴുവൻ സാക്ഷികളും കൂറുമാറിയ കേസിലാണ് നടപടി. പ്രതികള്‍ക്ക് എതിരെ പൊലീസിന് ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതി വിലയിരുത്തി.

വെണ്ണല സ്വദേശിയായ വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം തട്ടി എന്നായിരുന്നു കേസ്. സിപിഎം കളമശേരി ഏരിയ മുന്‍ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ പരാതി ലഭിക്കുകയും ചെയ്തു. ബിസിനസ് തര്‍ക്കത്തില്‍ ഇടപെട്ട സക്കീര്‍ ഹുസൈന് വേണ്ടി കറുകപ്പള്ളി സിദ്ധിഖ് എന്ന ഗുണ്ടാനേതാവും സംഘവും പാലാരിവട്ടത്ത് നിന്ന് തട്ടിക്കൊണ്ടു പോയെന്നാണ് വ്യവസായി പരാതിപ്പെട്ടത്. ഈ കേസില്‍ വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ സക്കീര്‍ ഹുസൈന്‍ ഒളിവില്‍ പോവുകയും ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യം കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് സക്കീര്‍ ഹുസൈന്‍ കീഴടങ്ങിയത്.

പിന്നീട് സക്കീര്‍ ഹുസൈന്‍ ദിവസങ്ങളോളം റിമാന്‍ഡില്‍ ജയിലില്‍ കഴിഞ്ഞു. അതേസമയം വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ സി.പി.എം സക്കീര്‍ ഹൂസൈന് നേരത്തെ തന്നെ ക്ലീൻ ചിറ്റ് നൽകിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എളമരം കരീം അന്വേഷണം നടത്തിയാണ് സക്കീര്‍ ഹൂസൈന് ക്ലീൻ ചിറ്റ് നൽകിയത്. എന്നാല്‍ സക്കീര്‍ ഹൂസൈൻ യഥാസമയം പാര്‍ട്ടിയെ വിവരങ്ങള്‍ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് എളമരം കരീമ് അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.