തദ്ദേശ വാർഡ് വിഭജനം: ഓർഡിനൻസിന് പകരം ബിൽ കൊണ്ടു വരാൻ മന്ത്രിസഭ തീരുമാനം; ജൂൺ 10 മുതൽ നിയമസഭ സമ്മേളനം

തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസിന് പകരം ബിൽ കൊണ്ട് വരാൻ സർക്കാർ തീരുമാനം. ജൂൺ 10 മുതൽ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാൻ സർക്കാർ തീരുമാനമായി. ഓര്‍ഡിനൻസിൽ തീരുമാനം വൈകുന്നതോടെയാണ് സര്‍ക്കാര്‍ തീരുമാനം. സഭാ സമ്മേളനം വിളിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനമായിട്ടുണ്ട്.

ഈ സമ്മേളനത്തിൽ തന്നെ തദ്ദേശ വാർഡ് വിഭജന ബിൽ കൊണ്ടുവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓരോ തദ്ദേശ വാര്‍ഡിലും ഒരു സീറ്റ് വീതം അധികം വരുന്ന നിലയിൽ വാര്‍ഡ് വിഭജനത്തിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഓർഡിനൻസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരുന്നു. ഇതുകൊണ്ട് തന്നെ വാര്‍ഡ് പുനര്‍നിര്‍ണയ ഓര്‍ഡിനന്‍സിന് അനുമതി വൈകുമെന്ന അഭ്യുഹം വന്നിരുന്നു. ഓര്‍ഡിനന്‍സിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ച ശേഷം വീണ്ടും ഗവർണ്ണർക്ക് അയക്കണം. ഓര്‍ഡിനൻസ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ മടക്കിയ അയച്ചതോടെയാണ് പുതിയ തീരുമാനം.

സർക്കാർ അംഗീകരിച്ച ഓര്‍ഡിനൻസ് ഗവർണറുടെ അനുമതി തേടി കഴിഞ്ഞ ദിവസം ഗവർണർക്ക് അയച്ചിരുന്നു. എന്നാൽ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻറെ അനുമതി വേണമെന്നാവശ്യപ്പെട്ട് ഗവർണർ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. എന്നാൽ ഈ ഓർഡിനൻസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയക്കുകയായിരുന്നു.

തിങ്കളാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് സംസ്ഥാനത്ത് തദ്ദേശവാര്‍ഡുകളിലെ വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ഇതനുസരിച്ച് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് കൂടും. വാര്‍ഡ് പുനര്‍നിര്‍ണയിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കും. ഇതോടെ 1200 വാര്‍ഡുകള്‍ പുതുതായി രൂപപ്പെടും.

ജനസംഖ്യ വര്‍ധിച്ചെന്ന് വിലയിരുത്തിയാണ് വാര്‍ഡുകള്‍ പുനര്‍നിര്‍ണയിക്കാൻ സർക്കാർ നീക്കം നടത്തുന്നത്. ചെറിയ പഞ്ചായത്തുകളില്‍ 13ഉം വലുതില്‍ 23ഉം വാര്‍ഡുകളുമാണ് നിലവിലുള്ളത്. ഭേദഗതിയോടെ ഇത് 14ഉം 24ഉം ആയി മാറും. പുതിയ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. 2001ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ 2010ലാണ് അവസാനമായി വാര്‍ഡുകളുടെ പുനര്‍നിര്‍ണയം നടന്നത്.