കൊച്ചി മട്ടാഞ്ചേരിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. ഇരുനില കെട്ടിടത്തിന്റെ മുകളില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടിയാണ് പിടികൂടിയത്. പുതിയ റോഡ് ബാങ്ക് ജംഗ്ഷനില്‍ അടച്ചിട്ട കെട്ടിടത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. അടച്ചിട്ട കെട്ടിടത്തിന്റെ ഒന്നാം നിലയിലുടെ പാരപ്പറ്റില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തായിരുന്നു ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നത്. എന്നാല്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ആളെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
ലഹരി മരുന്ന് വ്യാപനത്തിനെതിരെ ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ സംസ്ഥാനത്ത് പൊലീസ് പരിശോധന നടത്തി. സംസ്ഥാനത്തെ 1300 സ്ഥലങ്ങളില്‍ ആണ് റെയ്ഡ് നടന്നത്. ഇതേ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി 246 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 244 പേര്‍ ലഹരി കേസുകളില്‍ അറസ്റ്റിലാവുകയും ചെയ്തു. തിരുവനന്തപുരത്ത് 318 സ്ഥലങ്ങളില്‍ നടന്ന പരിശോധനയില്‍ 48 പേര്‍ അറസ്റ്റിലായി.
Read more
ഏറ്റവും കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയത് കൊച്ചിയിലാണ്. 61 പേര്‍ വിവിധ ലഹരി കേസുകളിലായി കൊച്ചിയില്‍ അറസ്റ്റിലായി. ലഹരി വില്‍പ്പനക്കാരുടെയും ഇടനിലക്കാരുടെയും പട്ടിക തയ്യാറാക്കി ഡിജിപിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്ക്ക് ഡിഐജി മേല്‍നോട്ടം വഹിച്ചു. പരിശോധനയില്‍ പൊലീസിനൊപ്പം നാര്‍ക്കോട്ടിക് സെല്‍ അംഗങ്ങളും ഉണ്ടായിരുന്നു.