വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് എതിരെ കേസ്, പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരം

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഢിപ്പിച്ച അധ്യാപകനെതിരെ കേസെടുത്തു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഡീന്‍ എസ്.സുനില്‍ കുമാറിനെതിരെയാണ് ബലാല്‍സംഗ കുറ്റം ചുമത്തി കേസെടുത്തത്.

അതേസമയം സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷവും അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചു. അധ്യാപകനെ അറസ്റ്റ് ചെയ്ത് പുറത്താക്കുന്നത് വരെ പഠിപ്പ് മുടക്കുമെന്ന് അവര്‍ പറഞ്ഞു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അധ്യാപകന്‍ പീഡനത്തിന് ഇരയാക്കിയെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. ഒന്നാം വര്‍ഷ നാടക ബിരുദ വിദ്യാര്‍ത്ഥിനിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്‌റ്റേഷനില്‍ പരാതി കൊടുക്കാന്‍ ചെന്ന വിദ്യാര്‍ത്ഥിനിയോട് എസ്.ഐ അപമര്യാദയായി പെരുമാറിയെന്നും ആരോപണമുണ്ട്.

മൂന്ന് മാസം മുമ്പ് വിസിറ്റിങ് ഫാക്കല്‍റ്റിയായി കോളജില്‍ എത്തിയ രാജാവാരിയര്‍ എന്ന അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് ധാര്‍മ്മിക പിന്തുണയുമായി സുനില്‍ കുമാര്‍ എത്തിയിരുന്നു. പിന്നീട് ഈ സൗഹൃദം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

Read more

നേരത്തെ അധ്യാപകനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് അധ്യാപകരെ കോളജിനുള്ളില്‍ പൂട്ടിയിട്ട് വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയിരുന്നു. രാത്രി പതിനൊന്ന് മണി വരെ പൂട്ടിയിട്ട അധ്യാപകരെ പിന്നീട് പൊലീസ് എത്തിയാണ് തുറന്ന് വിട്ടത്.