കാട്ടാക്കടയില്‍ അച്ഛനേയും മകളേയും ആക്രമിച്ച കേസ്: ഒരാള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

കാട്ടക്കട ഡിപ്പോയില്‍ കണ്‍സഷന്‍ എടുക്കാനെത്തിയ വിദ്യാര്‍ത്ഥിനിയോടും പിതാവിനെയും ആക്രമിച്ച സംഭവത്തില്‍ ഒരു ജീവനക്കാരനെക്കൂടെ കെഎസ്ആര്‍ടിസി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സംഭവത്തില്‍ നേരത്തെ നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് വിഭാഗം വിശദമായി വീഡിയോ ഉള്‍പ്പെടെ പരിശോധിച്ചപ്പോഴാണ് എസ് അജികുമാര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

അതേസമയം, കേസില്‍ പ്രതികളായ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അപേക്ഷ അഡീഷനല്‍ സെഷന്‍സ് കോടതി 28 ന് പരിഗണിക്കും. കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ഷെറീഫ്, സുരക്ഷാ ജീവനക്കാരന്‍ എസ് ആര്‍ സുരേഷ് അസിസ്റ്റന്റ് സി പി മിലന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടിയത്.

സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി വിവാദമായതിടെയാണ് ഇത്തരത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസ് വാദം. എന്നാല്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാനാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്ന ആരോപണം ശക്തമാണ്.