സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കാൻ വ്യത്യസ്‌തമായ രീതിയിൽ പ്രതിഷേധം നടത്തി പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് അനിമൽസ് (പെറ്റ). പൂച്ചകളുടെ പാവകളെ നിരത്തിവെച്ച് മറൈൻഡ്രൈവിലാണ് കൗതുകകരമായ പ്രതിഷേധം നടന്നത്. അന്താരാഷ്ട്ര പൂച്ച ദിനമായ ഓഗസ്റ്റ് ട്ട് (ഇന്ന്) മുന്നോടിയായിരുന്നു പ്രതിഷേധം.
പൂച്ച ഇറച്ചി വില്പനയ്ക്ക് എന്നറിയിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഓർഗനൈസർ ഹിരാജ് ലജ്ജാനി പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി. അതേസമയം പൂച്ചകളെ കഴിക്കാൻ സാധാരണ മനുഷ്യർക്ക് സാധിക്കാറില്ല. പൂച്ചയെ ഭക്ഷിക്കാത്തവർ മറ്റു മത്സ്യ – മാംസങ്ങളും ഭക്ഷിക്കരുതെന്ന് പെറ്റ ഓർഗനൈസർ ഉത്ഘർഷ് ഗാർഗ് പറഞ്ഞു.
മൃഗങ്ങൾ നമ്മുടേതല്ലെന്നും അവയെ പരീക്ഷണം നടത്തുന്നതോ, കഴിക്കുന്നതോ, വിനോദത്തിന് ഉപയോഗിക്കുന്നതോ, അവയിൽ നിന്നുള്ള ഉത്പന്നങ്ങൾ ധരിക്കുന്നതോ തെറ്റാണെന്നും ഉത്ഘർഷ് ഗാർഗ് കൂട്ടിച്ചേർത്തു. സസ്യാഹാരങ്ങളിൽനിന്ന് ശരീരത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ലഭിക്കുമെന്നും സസ്യാഹാരം മാത്രം കഴിക്കുന്ന ഒരു മനുഷ്യൻ വർഷത്തിൽ 200 മൃഗങ്ങളുടെ ജീവൻ രക്ഷിക്കുന്നുവെന്നും ഉത്ഘർഷ് ഗാർഗ് പറഞ്ഞു.
എല്ലാ വർഷവും ഓഗസ്റ്റ് 8 ന് നടക്കുന്ന ഒരു ആഘോഷമാണ് അന്താരാഷ്ട്ര പൂച്ച ദിനം. 2002-ൽ ഇന്റർനാഷണൽ ഫണ്ട് ഫോർ ആനിമൽ വെൽഫെയർ ആണ് ദിവസം രൂപവൽക്കരിച്ചത്. പൂച്ചകൾക്ക് അവബോധം നൽകാനും അവയെ സഹായിക്കാനും സംരക്ഷിക്കാനുമുള്ള വഴികളെക്കുറിച്ച് പഠിക്കാനുമുള്ള ദിവസമാണിത്.