സംഗീത സംവിധായകൻ ജെറി അമൽ ദേവിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടാൻ ശ്രമം

സംഗീത സംവിധായകൻ ജെറി അമല്‍ ദേവിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടാൻ ശ്രമം. സൈബര്‍ തട്ടിപ്പിനാണ് ശ്രമം നടന്നത്. സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് സംഘം സമീപിച്ചതെന്ന് ജെറി അമല്‍ ദേവ് പറഞ്ഞു. 1,70000 രൂപ തട്ടിപ്പ് സംഘം അക്കൗണ്ടിലേക്ക് അയക്കാനും ആവശ്യപ്പെട്ടു.

ബോംബെയിലെ ധാരാവിയിൽ നിന്നാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. സിബിഐ സംഘമാണെന്ന തരത്തിൽ തന്നെയാണ് അവര്‍ സംസാരിച്ചത്. ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു സംസാരം. പണം പിൻവലിക്കാനായി ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായതെന്നും ഇതോടെ പണം നല്‍കിയില്ലെന്നും ജെറി പറഞ്ഞു. തലനാരിഴ്ക്കാണ് ജെറിക്ക് പണം നഷ്ടമാകാതിരുന്നത്. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസിൽ ജെറി പരാതി നല്‍കി.

സ്ഥിരം സൈബര്‍ തട്ടിപ്പുകാരുടെ രീതി തന്നെയാണ് ഇവിടെയും തുടര്‍ന്നതെന്നാണ് പൊലീസ് പറയുന്നത്. സിബിഐ ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച് ഭയപ്പെടുത്തി ആളുകളിൽ നിന്നും പണം തട്ടുന്ന സംഘമാണിതെന്നും ഇത്തരം കോളുകള്‍ വന്നാൽ ഒരുതരത്തിലും തട്ടിപ്പിന് നിന്നുകൊടുക്കരുതെന്നുമാണ് പൊലീസ് അറിയിക്കുന്നത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങള്‍ സജീവമാണെന്നും പൊലീസ് പറയുന്നു.

നേരത്തെ ഡോ. ഗിവര്‍ഗീസ് മാര്‍ കുറിലോസിനുനേരെയും സൈബര്‍ തട്ടിപ്പ് നടന്നിരുന്നു. സൈബര്‍ തട്ടിപ്പുകളെക്കുറിച്ചോ ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചു അറിയാത്ത പ്രായമായവരെ ലക്ഷ്യമിട്ടാണ് വീണ്ടും സൈബര്‍ തട്ടിപ്പ് സംഘം സജീവമായിരിക്കുന്നത്.

Read more