വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു, പ്രത്യേക ധനസഹായത്തിൽ പ്രഖ്യാപനമില്ല

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം. വയനാട് ദുരന്തത്തെ മന്ത്രിസഭാസമിതി അതിതീവ്ര ദുരന്തമായി അംഗീകരിച്ചു. കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. അതേസമയം പ്രത്യേക ധനസഹായത്തിൽ ഇപ്പോഴും പ്രഖ്യാപനമില്ല. ദുരന്ത നിവാരണ നിധിയിലേക്ക് ഇതിനകം പണം കൈമാറിയിട്ടുണ്ടെന്നും കത്തിൽ കേന്ദ്രം പറയുന്നു.

വയനാട്ടിലെ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേരളം നേരത്തെ ഉന്നയിച്ചിരുന്നു. എന്നാൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ദേശീയ ദുരന്തത്തിൻ്റെ മാനദണ്ഡത്തിനുള്ളിൽ വരുന്നതല്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അറിയിച്ചിരുന്നു.

കേരളക്കരയെ ഞെട്ടിച്ച ദുരന്തമായിരുന്നു 2024 വയനാട്ടിലെ ഉരുൾപൊട്ടൽ. രണ്ട് ഗ്രാമങ്ങൾ അപ്പാടെ ഇല്ലാതായിപ്പോയ ദുരന്തം. വയനാട് ജില്ലയിൽ മേപ്പാടി പഞ്ചായത്തിൽ കനത്ത മഴയെ തുടർന്ന് 2024 ജൂലൈ 30-നായിരുന്നു കേരളക്കരയെ ഞെട്ടിച്ച ആ ഉരുൾപൊട്ടൽ. മുണ്ടക്കൈ, ചൂരൽമല, അട്ടമല,പുഞ്ചിരിമറ്റം, കുഞ്ഞോം എന്നിടങ്ങളിൽ പുലർച്ചയുണ്ടായ ഒന്നിലധികം ഉരുൾപൊട്ടലുകളാണ് വയനാട് ഉരുൾപൊട്ടലിൽ ആക്കം കൂട്ടിയത്. ഈ മഹാ ദുരന്തത്തിൽ 403 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു.

ഇപ്പോഴും നിരവധിപേരെ കണ്ടെത്താനുണ്ട്. കനത്ത മഴയിൽ കുന്നിൻചെരിവുകൾ ഇടിഞ്ഞുവീഴാൻ കാരണമായി. അതിൻ്റെ ഫലമായി ചെളിയും വെള്ളവും പാറക്കല്ലുകളും പ്രദേശത്തേക്ക് പതിച്ചു. കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതിദുരന്തങ്ങളിൽ ഒന്നായാണ് ഈ ഉരുൾപൊട്ടലിനെ കണക്കാക്കുന്നത്. കേരളക്കരയെ ദുരന്തത്തിലാഴ്ത്തിയ മറ്റൊരു പ്രകൃതി ദുരന്തം ഈ അടുത്തിടെ ഉണ്ടായിട്ടില്ല.