സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ കാണാന്‍ മൂന്നാമതും കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. ആശാ വര്‍ക്കര്‍മാര്‍ക്ക് കേന്ദ്രം നല്‍കാനുള്ളതെല്ലാം നല്‍കിയെന്നും സുരേഷ് ഗോപി സമരപ്പന്തലില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തകരുടെ വേതനം കൂട്ടുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്നലെ രാത്രിയായിരുന്നു സന്ദര്‍ശനം.
ആശാ വര്‍ക്കര്‍മാരെ മന്ത്രി വീണാ ജോര്‍ജും സര്‍ക്കാരും പറഞ്ഞു പറ്റിക്കുകയാണ്. സിക്കിം സര്‍ക്കാര്‍ മാത്രമാണ് ആശാ വര്‍ക്കര്‍മാരെ തൊഴിലാളി എന്ന ഗണത്തിലേക്ക് മാറ്റിയിട്ടുള്ളൂ. മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം അത് ചെയ്യാം. മന്ത്രിമാരായ വീണാ ജോര്‍ജും ശിവന്‍കുട്ടിയും വിചാരിച്ചാല്‍ നിങ്ങളെ ആ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പാര്‍ലമെന്റില്‍ പറഞ്ഞതെല്ലാം സത്യം. സഭയില്‍ കള്ളം പറയാന്‍ സാധിക്കില്ല. ഭാഷ മനസിലാകാത്തതിനാലാണ് കേന്ദ്ര വിഹിതം കിട്ടിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നത്. യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഇനി കിട്ടാനുള്ള തുക നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Read more
കേന്ദ്രം അനുവദിച്ച തുക സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചോ എന്ന ചോദ്യത്തിനു, മാധ്യമങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിക്കൂ എന്നായിരുന്നു മറുപടി. എന്നാല്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് നല്‍കാനുള്ള പണം കേന്ദ്രം നല്‍കിയെന്ന വാദം സംസ്ഥാനം തള്ളി. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കോബ്രാന്‍ഡിങിന്റെ പേരില്‍ പണം തടഞ്ഞുവച്ചു. 636.88 കോടി കിട്ടിയില്ലെന്ന് പറഞ്ഞ മന്ത്രി വീണാ ജോര്‍ജ് യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് നിയമസഭയില്‍ വച്ചു.