ജനസംഖ്യാടിസ്ഥാനത്തിലുള്ള വിഹിതം 1971ലെ സെന്‍സസിനെ അടിസ്ഥാനമാക്കിയാകണം; കേന്ദ്ര നികുതി വിഹിതം 50 ശതമാനം ആക്കണം; പതിനാറാം ധനകാര്യ കമ്മീഷനോട് കേരളം

സംസ്ഥാനങ്ങളുമായി കേന്ദ്രം പങ്കു വയ്ക്കുന്ന നികുതി വിഹിതം 50 ശതമാനമായി ഉയര്‍ത്തണമെന്ന് കേരളം പതിനാറാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടതായി കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. അരവിന്ദ് പനഗാരിയ. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം 41 ശതമാനമെന്നാണ് നിശ്ചയിച്ചത്. കേരളത്തിന്റേതിനു സമാനമായ ശുപാര്‍ശ കമ്മീഷന്‍ സന്ദര്‍ശിച്ച മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. നിലവില്‍ കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ കമ്മീഷന്‍ സന്ദര്‍ശിച്ചു.

കേന്ദ്രം പങ്കുവയ്ക്കുന്ന നികുതി വിഹിതം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിലും വലിയ മാറ്റം കേരളം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനസാന്ദ്രതാടിസ്ഥാനത്തില്‍ വിഹിതം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം പുതിയതായി ഉള്‍പ്പെടുത്തണമെന്നാണ് കേരളം മുന്നോട്ടു വച്ച ഒരു ആവശ്യമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

ഈ മാനദണ്ഡത്തിലൂടെ രണ്ടര ശതമാനം നികുതി വിഹിതം നിശ്ചയിക്കണം. ദുരന്തനിവാരണത്തിനായി കൂടുതല്‍ വിഹിതം കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിശീര്‍ഷക വരുമാനം കുറവുള്ള സംസ്ഥാനങ്ങള്‍ക്ക് നിലവില്‍ കൂടുതല്‍ വിഹിതം ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വിഹിതം നിലവിലെ 45 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കണമെന്ന് കേരളം നിര്‍ദ്ദേശിച്ചു.

ഭൂവിസ്തൃതി മാനദണ്ഡപ്രകാരമുള്ള വിഹിതം 15 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കണം, ജനസംഖ്യാടിസ്ഥാനത്തിലുള്ള വിഹിതം 15 ശതമാനത്തില്‍ നിന്ന് 32.5 ശതമാനമാക്കണം, ഇതിനായി 2011ലെ സെന്‍സസ് പരിഗണിക്കുന്നതിനു പകരം 1971ലെ സെന്‍സസ് അടിസ്ഥാനമാക്കണം, വനമേഖലാ മാനദണ്ഡ പ്രകാരമുള്ള വിഹിതം 10 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറയ്ക്കണം തുടങ്ങി വിവിധ ആവശ്യങ്ങളാണ് കേരളം മുന്നോട്ടു വച്ചതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രകടനം മികച്ചതാണെന്നും കമ്മീഷന്‍ വിലയിരുത്തി.

സെസ്, സര്‍ചാര്‍ജ് ഇനത്തിലുള്ള വരുമാനം പൂര്‍ണമായി കേന്ദ്രത്തിനാണ് ലഭിക്കുന്നത്. ഈ വിഷയവും വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ അത് സങ്കീര്‍ണമായ പ്രശ്‌നമാണെന്ന് അദ്ദേഹം വ്യക്തമാക്കി.