കാരണഭൂതനെ ആരും ചോദ്യം ചെയ്യാൻ പാടില്ലെന്ന് ചെന്നിത്തലയുടെ പരിഹാസം; ​​കേരളം കണ്ടിട്ടുള്ള ഏറ്റവും തൊലിക്കട്ടിയുള്ള മുഖ്യമന്ത്രിയാണ് പിണറായിയെന്ന് വി മുരളീധരൻ

യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ​ ഗീവർ​ഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു തിരുത്തലുകൾക്കും വിധേയനാകില്ലെന്ന പിണറായിയുടെ പ്രഖ്യാപനമാണിതെന്നും സതീശൻ രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. പിണറായി പുതിയ വാക്കുകൾ മലയാളത്തിന് സംഭാവന ചെയ്യുന്നുവെന്നും വിഡി സതീശൻ പരിഹസിച്ചു.

കനത്ത ആഘാതം ജനങ്ങളിൽ നിന്ന് കിട്ടിയിട്ടും പിണറായി മാറില്ല എന്നത് വിസ്മയിപ്പിക്കുന്ന കാര്യമാണ്. ഒരു തിരുത്തലും ഉണ്ടാകാതെ ഇങ്ങനെ തന്നെ പോകണമെന്നാണ് പ്രതിപക്ഷ ആഗ്രഹം. മുഖ്യമന്ത്രിക്ക് ചുറ്റുമുള്ളത് ഉപജാപക വൃന്ദമാണ്. വാഴ്ത്തലുകൾ കേട്ട് മുഖ്യമന്ത്രി കോൾമയിർ കൊണ്ടിരിക്കുന്നു. തീവ്ര ഇടതുപക്ഷ വ്യതിയാനത്തിലേക്ക് മുഖ്യമന്ത്രിയും സർക്കാരും പോകുകയാണ്. എന്നെ ആരും തിരുത്തേണ്ട എന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രിയുടേതെന്നും സതീശൻ പറഞ്ഞു.

കാരണഭൂതനെ ആരും ചോദ്യം ചെയ്യാൻ പാടില്ല. മുഖ്യമന്ത്രിയോളം വിവരമുള്ളയാൾ കേരളത്തിലിലെന്ന് ആയിരുന്നു വിഷയത്തിൽ രമേശ് ചെന്നിത്തലയുടെ പരിഹാസം. സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ​​കേരളം കണ്ടിട്ടുള്ള ഏറ്റവും തൊലിക്കട്ടിയുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ബിജെപി നേതാവ് വി മുരളീധരനും പ്രതികരിച്ചു. എല്ലാ വിഷയത്തിലും പൂജ്യം കിട്ടിയ വിദ്യാർഥിക്ക് പ്രോ​ഗസ് റിപ്പോർട്ടുമായി മാതാപിതാക്കളുടെ മുൻപിൽ പോകാൻ എത്ര ജാള്യതയുണ്ടാകുമെന്ന് നമുക്ക് ഈഹിക്കാം. വാസ്തവത്തിൽ മുഖ്യമന്ത്രിയുടെ അവസ്ഥ അതാണ്.

എന്നാൽ യാതൊരു ജാള്യതയുമില്ലാതെ ജനങ്ങൾക്കു മുമ്പിൽ സർക്കാറിന്റെ പ്രോ​ഗസ് റിപ്പോർട്ട് അവതരിപ്പിക്കാനും ഭരണ പരാജയത്തിന്റെ കുറ്റം മുഴുവൻ കേന്ദ്ര സർക്കാരിന്റെ ചുമലിൽ ഇടാനും നല്ല തൊലിക്കട്ടി വേണം. സർക്കാർ ജീവനക്കാർക്ക് പോലും നേരാംവണ്ണം പെൻഷൻ നൽകാൻ പറ്റിയില്ലെങ്കിലും സർക്കാർ നേട്ടങ്ങൾ ഉണ്ടാക്കിയെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് പറയണമെങ്കിൽ മുഖ്യമന്ത്രിക്ക് ഒരു മാറ്റവും ഇല്ലെന്നാണ് അത് വ്യക്തമാക്കുന്നത്. വിയോജിക്കുന്നവരോടുള്ള അസഹിഷ്ണുതയാണ് മുഖ്യമന്ത്രി അന്നും ഇന്നും പ്രഖ്യാപിച്ചതെന്നും മുരളീധരൻ പറഞ്ഞു.