ആധുനിക ചികിത്സാരീതി, ഉപകരണങ്ങള്‍ എന്നിവയുടെ ഗുണപരമായ മാറ്റത്തിലൂടെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പുവരുത്തുന്നതില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ പൊതുജനാരോഗ്യ മേഖലയുടെ മുഖച്ഛായ മാറ്റാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച ആര്‍ദ്രം മിഷന്‍ വഴി ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആക്കി മാറ്റി.
ഇത് അവസാന ഘട്ടത്തിലാണ്. താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളേജ് വരെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. കോവിഡ് വ്യാപകമായപ്പോള്‍ അതിനെ അതിജീവിക്കുന്നതിനായി സംസ്ഥാനം നടത്തിയ പ്രവര്‍ത്തനം ലോകപ്രശംസ നേടി. ആര്‍ദ്രം രണ്ടാംഘട്ടത്തിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങള്‍, മാനസികാരോഗ്യം, വയോജനാരോഗ്യം, പകര്‍ച്ചവ്യാധി നിയന്ത്രണം, രോഗനിവാരണം എന്നീ മേഖലകളില്‍ ക്യാമ്പയിന്‍ നടക്കുന്നു. ജീവിതശൈലി രോഗങ്ങള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിയാനായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അവയുടെ രജിസ്ട്രി തയ്യാറാക്കുകയാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സാ സൗകര്യം ഒരുക്കി സാധാരണക്കാരുടെ ചികിത്സാ ചെലവ് കുറയ്ക്കാന്‍ ശ്രമിച്ചുവരുന്നു. സര്‍ക്കാര്‍ ലാബുകളെ പരസ്പരം ബന്ധപ്പെടുത്തി മികച്ച രോഗ നിര്‍ണയം സാധ്യമാക്കുന്നുണ്ട്. നഗരപ്രദേശത്ത് 102 കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നു. പുതുതായി 93 നഗരപ്രദേശങ്ങളിലായി 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ നിയോജക മണ്ഡലത്തിലും ആധുനിക സൗകര്യങ്ങളോടെ 10 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ പൂര്‍ത്തിയായി വരികയാണ്.
കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് മാറ്റി. തുറവൂരില്‍ പുതിയ ട്രോമാകെയര്‍, മാവേലിക്കര ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് തുടങ്ങി ആരോഗ്യ പരിചരണത്തില്‍ ആലപ്പുഴ ജില്ലയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് രോഗനിര്‍ണയം പ്രധാനമാണ്. കേരളത്തിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ ഒരു ലക്ഷം ചതുരശ്ര അടിയില്‍ രണ്ട് കെട്ടിടങ്ങള്‍ ഇതിനോടകം പ്രവര്‍ത്തിക്കുന്നു. 14 അത്യാധുനിക നിലവാരമുള്ള ലാബും ഒരുക്കിയിട്ടുണ്ട്. ജനറല്‍ ആശുപത്രിയില്‍ 117 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും കെട്ടിട നിര്‍മ്മാണത്തിനും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കുമായി സര്‍ക്കാര്‍ വകയിരുത്തിയത്. പുതിയ എംആര്‍ഐ സ്‌കാന്‍, സിടി സ്‌കാന്‍, മാമോഗ്രാം, ആധുനിക ഉപകരണങ്ങളോടെയുള്ള മെഡിക്കല്‍ ലാബ് തുടങ്ങിയതെല്ലാം സജ്ജമാക്കിയിട്ടുണ്ട്. രണ്ടു നിലകളില്‍ ഐപി വാര്‍ഡുകളും പ്രവര്‍ത്തിക്കും. ആലപ്പുഴ നഗരസഭ അമൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി സിവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും നിര്‍മിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു.