മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ വിമര്‍ശനം; പ്രചരിക്കുന്നത് വര്‍ഗീയ അജണ്ടയെന്ന് എംവി ഗോവിന്ദന്‍

സാദിഖലി തങ്ങളെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമര്‍ശം രാഷ്ട്രീയ വിമര്‍ശനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എന്നാല്‍ വിഷയത്തില്‍ ലീഗ് നേതൃത്വം മതപരമായ ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള വിശദീകരണമാണ് നല്‍കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

സാദിഖലി തങ്ങളെ രാഷ്ട്രീയമായി വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ മനസിലാക്കാം. എന്നാല്‍ ലീഗില്‍ വലിയ പ്രസക്തിയൊന്നും ഇല്ലാത്ത ചിലര്‍ സാദിഖലിയെ കുറിച്ച് പറഞ്ഞാല്‍ വിവരമറിയും എന്നുള്‍പ്പടെ പ്രതികരിക്കുന്നു. മതപരമായ വികാരം രൂപപ്പെടുത്താന്‍ വേണ്ടിയുള്ള വര്‍ഗീയ അജണ്ടയാണ് ചിലര്‍ കൈകാര്യം ചെയ്യുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

എന്തും പറയാന്‍ യാതൊരു ഉളുപ്പുമില്ലാത്ത പ്രചരണ കോലാഹലമാണ് നടത്തുന്നത്. സിപിഎം ജമാ അത്തെ ഇസ്ലാമിയുമായി രാഷ്രീയ സഖ്യമുണ്ടാക്കിയിട്ടില്ല. ആര്‍എസ്എസിന്റെ മറുവശമാണ് ജമാ അത്തെ ഇസ്ലാമി. ലീഗ് നേരത്തെ ജനാധിപത്യപരമായ സമീപനം സ്വീകരിച്ച പാര്‍ട്ടിയായിരുന്നുവെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി വിട്ട് കോണ്‍ഗ്രസിലേക്കെത്തിയ സന്ദീപ് വാര്യര്‍ക്കെതിരെയും എംവി ഗോവിന്ദന്‍ വിമര്‍ശനം ഉന്നയിച്ചു.
സന്ദീപ് വര്‍ഗീയ പ്രചരണം നടത്തിയ ആളാണ്. ബിജെപി ബന്ധം ഉപേക്ഷിച്ചുവെന്ന് മാത്രമാണ് പറഞ്ഞത്. സന്ദീപ് വാര്യര്‍ ഇതുവരെ ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചുവെന്ന് പറഞ്ഞിട്ടില്ലെന്നും ഗോവിന്ദന്‍ ആരോപിച്ചു.