മൻമോഹൻ സിംഗിനോട് മുഖ്യമന്ത്രി അനാദരവ് കാട്ടി; സംസ്കാര ചടങ്ങ് നടക്കുമ്പോൾ പിണറായി താജ് ഹോട്ടൽ ഉദ്ഘാടന ചടങ്ങിൽ: വിഡി സതീശൻ

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോട് മുഖ്യമന്ത്രി പിണറായി വിജയൻ അനാദരവ് കാട്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മൻമോഹൻ സിംഗിന്റെ സംസ്കാര ചടങ്ങ് നടക്കുമ്പോൾ മുഖ്യമന്ത്രി സിയാലിൻ്റെ താജ് ഹോട്ടൽ ഉദ്ഘാടന പരുപാടിയിലായിരുന്നുവെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. ഇത് മൻമോഹൻ സിങിനോടുള്ള അനാദരവാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

10 വർഷം രാജ്യം ഭരിച്ച പ്രധാനമന്ത്രിയോടുള്ള അനാദരവാണിതെന്നും സംസ്കാര ചടങ്ങ് നടക്കുമ്പോഴാണ് മുഖ്യമന്ത്രി സിയാലിന്റെ പരിപാടിയിൽ പങ്കെടുത്തതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. അതേസമയം പെരിയ കേസ് വിധിയിലും സിപിഎമ്മിനും സർക്കാരിനുമെതിരെ വി ഡി സതീശൻ വിമർശനം ഉന്നയിച്ചു. പെരിയ ഇരട്ട കൊലകേസ് വിധി നീതിന്യായ വ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു.

കൊലപാതകം ചെയ്തതും ചെയ്യിച്ചതും എല്ലാം സിപിഎമ്മാണ്. പൊതുജനങ്ങളുടെ നികുതിപ്പണം വരെ അതിന് വേണ്ടി ചിലവഴിച്ചു. ശക്തമായ പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയം എങ്ങനെ കൊല്ലണമെന്ന് തീരുമാനിച്ചത് സി.പി.എമ്മാണ്. കൊല നടത്തിയ ശേഷം പ്രതികളെ എവിടെ ഒളിപ്പിക്കണം എന്ന് തീരുമാനിച്ചതടക്കം എല്ലാത്തിനും പിന്നിൽ സി.പി.എമ്മാണ്. പാർട്ടിയുടെ എല്ലാ കാര്യങ്ങൾക്കും കൂട്ടുനിന്നത് സിപിഎം ഭരിക്കുന്ന സർക്കാരാണ്. ഈ പാർട്ടിയാണ് കേരളം ഭരിക്കുന്നത് എന്ന് ഓർക്കുമ്പോൾ ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Read more