'കുട്ടികളുടെ സുരക്ഷിതത്വം അവതാളത്തിലാകും'; സ്‌കൂള്‍ സമയം മാറ്റുന്നതിനെതിരെ ഫാത്തിമ തെഹ്ലിയ

സംസ്ഥാനത്ത് സ്‌കൂള്‍ സമയം രാവിലെ 8 മണി മുതല്‍ 1 മണി വരെയാക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. മലയോര മേഖലകളിലും മറ്റും അത്ര നേരത്തെ തന്നെ സ്‌കൂളില്‍ എത്താന്‍ വാഹന സൗകര്യത്തിന്റെ അപര്യാപ്തത മൂലം ബുദ്ധിമുട്ടുകളുണ്ടെന്നും കേരളത്തിന് നിലവിലെ രീതി തുടരുന്നത് തന്നെയാണ് അഭികാമ്യമെന്നും ഫാത്തിമ തെഹ്ലിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് ഇങ്ങനെ..

സ്‌കൂള്‍ സമയം രാവിലെ 8 മണി മുതല്‍ 1 മണി വരെയാക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. മലയോര മേഖലകളിലും മറ്റും അത്ര നേരത്തെ തന്നെ സ്‌കൂളില്‍ എത്താന്‍ വാഹന സൗകര്യത്തിന്റെ അപര്യാപ്തത മൂലം ബുദ്ധിമുട്ടുണ്ട്.

എനിക്കറിയുന്ന നിരവധി രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ അയച്ചതിന് ശേഷമാണ് ജോലിക്ക് പോകുന്നത്. രക്ഷിതാക്കളുടെ ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ഒന്നുകില്‍ അവര്‍ തന്നെ കുട്ടികളെ കൂട്ടും. അല്ലാത്തവര്‍ കുട്ടികള്‍ വീട്ടിലെത്തുമ്പോഴേക്കും വീടെത്തുന്നവരാണ്. സമയക്രമം മാറ്റുന്നതിലൂടെ കുട്ടികളുടെ സുരക്ഷിതത്വമാണ് ഇവിടെ അവതാളത്തിലാകുന്നത്.

Read more

അന്തര്‍ദേശീയ തലത്തില്‍ സ്‌കൂള്‍ സമയം രാവിലെ മുതല്‍ ഉച്ച വരെയാണെന്ന് പറയുന്നതില്‍ ഒരു ന്യായവുമില്ല. ഓരോ സ്ഥലത്തേയും ഭൂപ്രകൃതിയും ജീവിത സാഹചര്യവും വെച്ച് നോക്കിയാണ് സ്‌കൂള്‍ സമയം നിശ്ചയിക്കേണ്ടത്. കേരളത്തിന് നിലവിലെ രീതി തുടരുന്നത് തന്നെയാണ് അഭികാമ്യം.