വിഴിഞ്ഞം തുറമുഖത്ത് ക്രെയിനുമായെത്തിയ കപ്പലിലെ ചൈനീസ് പൗരന്‍മാര്‍ക്ക് ബര്‍ത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയ കേന്ദ്ര നിലപാടിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. നിലവിലെ നിയമം അനുസരിച്ച് ചൈനീസ് പൗരന്‍മാര്‍ക്ക് തുറമുഖത്തിറങ്ങാന്‍ അനുമതി നല്‍കാറില്ലെന്നും മോദി അദാനി ബന്ധത്തിന്റെ തെളിവാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.
അദാനിക്കായി നിയമങ്ങളിലെല്ലാം കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കുകയാണ്. നിലവില്‍ കപ്പലില്‍ എത്തുന്ന ജീവനക്കാര്‍ക്ക് തുറമുഖത്ത് വിസയില്ലാതെ ഇറങ്ങാന്‍ അനുമതി നല്‍കാറുണ്ട്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ അഫ്ഗാനിസ്താന്‍, ചൈന, എത്യോപിയ, ഇറാഖ്, പാകിസ്താന്‍, സൊമാലിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക് അനുമതി നല്‍കാറില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ നിര്‍ദ്ദേശങ്ങളെല്ലാം മാറ്റി മറിച്ചത് അദാനിക്ക് വേണ്ടിയാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
Read more
കഴിഞ്ഞ ദിവസമാണ് ക്രെയിന്‍ നിര്‍മ്മാതാക്കളായ ഷാന്‍ഗായ് പിയുടെ കപ്പലായ ഷെന്‍ ഹുവെ 15ലെ ജീവനക്കാര്‍ക്ക് കരയിലിറങ്ങുന്നതിന് അനുമതി ലഭിച്ചത്. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ഇക്കാര്യം മാധ്യമങ്ങളുമായി പങ്കുവച്ചത്. കപ്പലിനെ ആഘോഷപൂര്‍വ്വം വരവേറ്റെങ്കിലും ജീവനക്കാര്‍ക്ക് നാല് ദിവസമായി കരയിലിറങ്ങാന്‍ അനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് കപ്പലിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കരയിലിറങ്ങാന്‍ അനുവാദം ലഭിച്ചത്. എന്നാല്‍ മോശം കാലാവസ്ഥ മൂലം ക്രയിനുകള്‍ പൂര്‍ണ്ണമായും ഇറക്കാന്‍ കഴിഞ്ഞിട്ടില്ല.