സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികളിലേക്ക് ആരെയും പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യമില്ലെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ആരോഗ്യമന്ത്രി വീണാ ജോര്‍ജും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം എങ്ങനെ നടത്തണമെന്ന കാര്യത്തില്‍ കൃത്യമായ ധാരണയുണ്ട്. മന്ത്രി അധ്യക്ഷയും കളക്ടര്‍ കണ്‍വീനറുമായ സംഘാടകസമിതിയില്‍ ജില്ലയില്‍ നിന്നുള്ള എല്ലാ എംഎല്‍എമാരും ജില്ലാപഞ്ചായത്ത് ഭാരവാഹികളും അംഗങ്ങളായിരുന്നു. യോഗത്തില്‍ താനും പങ്കെടുത്തിരുന്നു. അവിടെ തീരുമാനിച്ചത് പോലെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. അതിലേക്ക് സമിതിയില്‍ ഉള്‍പ്പെട്ട ആരെയും ക്ഷണിക്കേണ്ട കാര്യമില്ലെന്നും കെ പി ഉദയഭാനു പറഞ്ഞു.
മകന്റെ കല്യാണത്തിന് അച്ഛനെ വിളിച്ചില്ലെന്ന് പറയും പോലെയാണ് ചിറ്റയം ഗോപകുമാറിന്റെ പരാതി. എല്ലാവരും ചേര്‍ന്നാണ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടി നടത്തേണ്ടത്. വീണാ ജോര്‍ജിനെതിരെ ചിറ്റയം ഗോപകുമാര്‍ തനിക്ക് പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഡെപ്യൂട്ടി സ്പീക്കര്‍ അസത്യങ്ങളും ആക്ഷേപങ്ങളും പ്രചരിപ്പിക്കുകയാണ്. തനിക്കെതിരെ ഉന്നയിക്കുന്നത് അടിസ്ഥാന രഹിത ആരോപണങ്ങളാണെന്നും ചൂണ്ടിക്കാട്ടി വീണാ ജോര്‍ജ് എല്‍ഡിഎഫിന് പരാതി നല്‍കിയിട്ടുണ്ട്.
Read more
കഴിഞ്ഞദിവസമാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള വീണാ ജോര്‍ജ്ജ് കൂടിയാലോചനകള്‍ നടത്തുന്നില്ല. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്നുമായിരുന്നു ആരോപണം. പതിവായി അവഗണിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാരിന്റെ എന്റെ കേരളം പ്രദര്‍ശന മേള ഉദ്ഘാടനത്തില്‍ നിന്നും ചിറ്റയം ഗോപകുമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.