ചോറ്റാനിക്കരയിൽ പെൺകുട്ടിയെ വീടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ ആൺ സുഹൃത്തും പ്രതിയുമായ അനൂപ് അറസ്റ്റിൽ. പ്രതിയെ കോടതിയിൽ ഹാജരാക്കും. അതേസമയം പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. പെൺകുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്നും കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
തലയോലപ്പറമ്പ് സ്വദേശിയായ അനൂപ് വീട്ടിലേക്ക് വരുന്നതിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം, മകളെ ആൺസുഹൃത്ത് നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് അറിയിച്ച് പെൺകുട്ടിയുടെ അമ്മ രംഗത്തെത്തി. മകളുടെ മുഖത്തും ശരീരത്തിലും മുൻപുണ്ടായ ആക്രമണങ്ങളുടെ ഭാഗമായി മുറിവുകൾ ഉണ്ടായിരുന്നുവെന്നും, വിലക്കിയിട്ടും പല തവണ യുവാവ് വീട്ടിലെത്തിയെന്നും അമ്മ കൂട്ടിച്ചേർത്തു. ഇയാളുടെ ആക്രമണം ഭയന്നാണ് വീട് മാറിയതെന്നും പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്ച രാത്രി 11 മണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ഞായറാഴ്ച രാവിലെ വരെ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് വിവരം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. മരിച്ചെന്നു കരുതിയാണ് പ്രതി സ്ഥലം വിട്ടതെന്നും പൊലീസിന് മൊഴി നല്‍കി. കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നതായുള്ള സംശയം പൊലീസിന് നേരത്തെയുണ്ടായിരുന്നു.
ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ബന്ധുവാണ് അവശനിലയില്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ കയര്‍ മുറുക്കിയതിന്റെ പാടുകളുണ്ട്. കൈയ്യിലെ മുറിവില്‍ ഉറുമ്പ് അരിച്ച നിലയില്‍ ആയിരുന്നു. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ തുടരുകയാണ്. അതേസമയം അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു. വധശ്രമം ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്