പി.എസ്.സി സമരക്കാരുമായി ചര്‍ച്ചയ്ക്ക്‌ മന്ത്രി ബാലനെ നിയോഗിച്ച്‌ മുഖ്യമന്ത്രി

പി.എസ്.സി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍. സമരം നടത്തുന്ന എൽജിഎസ് റാങ്ക് ഹോള്‍ഡര്‍മാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രി എ.കെ ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതായാണ് റിപ്പോർട്ട്. മന്ത്രിയുടെ ഓഫീസിൽ വെച്ച് 28 ന് ചർച്ച നടക്കും.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന്  പ്രതീക്ഷിക്കുന്നതായി ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു. എൽജിഎസ് പ്രതിനിധികൾ ഡിവൈഎഫ്ഐ ഓഫീസിൽ എഎ റഹീമുമായി ഇന്ന് ചർച്ച നടത്തി. മന്ത്രിയെ കാണുന്നതിന് മുന്നോടിയായാണ് ഈ ചർച്ചയെന്നാണ് സൂചന.

കഴിഞ്ഞ ശനിയാഴ്ച ഉദ്യോഗാര്‍ത്ഥികളുമായി ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി മനോജ് എബ്രഹാമും നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ഇന്നലെ ഉത്തരവായി വന്നിരുന്നു. എന്നാല്‍ ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങളില്‍ കൃത്യമായ ഉറപ്പുകള്‍ നല്‍കാതെയാണ് ഉത്തരവിറക്കിയതെന്ന് അവകാശപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരുകയാണ്.

റാങ്ക് ലിസ്റ്റ് നീട്ടാനാകില്ലെന്ന് സർക്കാർ വീണ്ടും വ്യക്തമാക്കിയതോടെ സിപിഒ ഉദ്യോഗാർത്ഥികളും സമരം ശക്തമാക്കിയിട്ടുണ്ട്. ഫോറസ്റ്റ് വാച്ചർ, കെഎസ്ആർടിസി ഡ്രൈവർ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുകയാണ്.