മുട്ടില്‍ മരംമുറി കേസിലെ ധര്‍മ്മടം ബന്ധം എന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എൻ ടി സാജനെതിരായ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി മടക്കിയെന്നും ധർമ്മടത്തെ രണ്ട് വ്യക്തികളെ കുറിച്ച് റിപ്പോർട്ടില്‍ പരമാർശിക്കുന്നത് ഗൗരവതരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗുരുജയന്തി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുട്ടില്‍ മരംമുറി കേസില്‍ സത്യസന്ധമായ നിലപാട് എടുത്ത വനംവകുപ്പിലെ ഉദ്യോഗസ്ഥരെ നിയമസഭയില്‍ പ്രതിപക്ഷം സല്യൂട്ട് ചെയ്തു. കാരണം സര്‍ക്കാരിന്റെ ഉത്തരവ് തന്നെ മരംമുറിക്ക് അനുകൂലമായിട്ടാണ്. എന്നിട്ടും മരം സംരക്ഷിക്കുന്നതിന് വേണ്ടി ധീരവും സത്യസന്ധവുമായ നിലപാടെടുത്ത ഉദ്യോഗസ്ഥര്‍ ഉളളതു കൊണ്ടാണ് കള്ളക്കച്ചവടം പിടിക്കാന്‍ കഴിഞ്ഞതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സത്യസന്ധമായ നിലപാടെടുത്ത ഉദ്യോഗസ്ഥരെ വിരട്ടുകയും ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന ധര്‍മ്മടം ബന്ധം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഉദ്യോഗസ്ഥരെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച എൻ ടി സാജൻ മരംമുറി ബ്രദേഴ്‌സിന്റെ ഏറ്റവും അടുത്ത ആളാണ്. ഇയാള്‍ പരസ്യമായി നിലപാട് എടുത്തിട്ടും അയാള്‍ക്കെതിരെ നടപടി എടുത്തില്ലെന്ന് മാത്രമല്ല മുഖ്യമന്ത്രി അയാളുടെ ഫയല്‍ മടക്കി. ഇയാൾക്കെതിരെ നടപടി എടുക്കുണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്ഥലം മാറ്റം മാത്രമാണ് സാജനെതിരെ ഉണ്ടായ നടപടി.
സംഭവത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നതെന്നും റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിയമപരമായി മുന്നോട്ട് പോകുന്നതിനെ കുറിച്ച് പ്രതിപക്ഷം ആലോചിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമെല്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
Read more
മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വനംവകുപ്പിലെ കണ്‍സര്‍വേറ്ററായ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ എന്‍.ടി സാജന്‍ മുഖ്യപ്രതികളുമായി ഗൂഢാലോചന നടത്തിയതായി അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മരംമുറി കണ്ടെത്തിയ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ സമീറിന്റെ പരാതിയിൽ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രന്‍ വനംവകുപ്പ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍.ടി സാജനെതിരെ ഗുരുതര ആരോപണങ്ങൾ ഉള്ളത്.