അമ്പതിന്റെ നിറവില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്; ഇതുവരെ നീരണിഞ്ഞത് നൂറോളം കപ്പലുകള്‍

നിരവധി പ്രതിസന്ധികളും വെല്ലുവിളികളും പിന്നിട്ട് കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായ കൊച്ചി കപ്പല്‍നിര്‍മാണശാല സുവര്‍ണജൂബിലിയുടെ നിറവില്‍ എത്തി നില്‍ക്കുകയാണ്. അമ്പതിന്റെ നിറവില്‍ നില്‍ക്കുന്ന ഈ ഷിപ്യാര്‍ഡില്‍ നിന്ന് ഇതുവരെ നൂറോളം കപ്പലുകളാണ് നീരണിഞ്ഞത്. അവയില്‍ നാവികസേനയ്ക്കായി നിര്‍മിച്ച വിമാനവാഹിനിക്കപ്പല്‍ വിക്രാന്തും ഉള്‍പ്പെടുന്നു.

1972 ഏപ്രില്‍ 29നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഷിപ്്യാര്‍ഡിന്റെ ശിലാസ്ഥാപനം നടത്തിയത്. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം 1976 ഫെബ്രുവരി 11ന് ഇവിടെ ആദ്യത്തെ കപ്പല്‍ നിര്‍മ്മാണം ആരംഭിച്ചു. കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ ചരിത്രത്തിലെ സുവര്‍ണ രേഖയാണ് ആദ്യ കപ്പല്‍ റാണി പത്മിനി. ഈ കപ്പലിന്റെ നിര്‍മ്മാണത്തിലൂടെയാണ് പൊതുമേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണശാലയായ കൊച്ചി ഷിപ്്യാര്‍ഡ് ഉയര്‍ച്ചയിലേക്കുള്ള ആദ്യ ചുവട് വെച്ചത്.

അഞ്ച് വര്‍ഷം കൊണ്ടാണ് റാണി പത്മിനിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതിനായി 32 കോടി രൂപയാണ് ചെലവായത്. 1981 ജനുവരി 28ന്് എംവി റാണി പത്മിനിയെന്ന ബള്‍ക്ക് കാരിയര്‍ കടലില്‍ ഇറക്കി. രാജ്യത്ത് ആദ്യമായി നിര്‍മ്മിക്കപ്പെട്ട ഏറ്റവും വലിയ കപ്പലെന്ന വിശേഷണത്തോടെയാണ് റാണി പത്മിനി കടലിലെ ജൈത്രയാത്ര ആരംഭിച്ചത്.

Read more

ഇപ്പോള്‍ കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ ഓട്ടമേറ്റഡ് ഇലക്ട്രിക് യാനങ്ങള്‍ മുതല്‍ അത്യാധുനിക വിമാനവാഹിനിക്കപ്പല്‍ വരെ നിര്‍മിക്കുന്നുണ്ട്്. വിമാനവാഹിനി കപ്പലുകള്‍ നിര്‍മിക്കാന്‍ വരെ ശേഷിയുള്ള ലോകത്തിലെ വിരലിലെണ്ണാവുന്ന കപ്പല്‍ശാലകളില്‍ ഒന്നാണ് കൊച്ചി ഷിപ്്യാര്‍ഡ്. ഒരു വര്‍ഷം 34 കപ്പലുകളെങ്കിലും ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. അന്‍പത് വര്‍ഷത്തെ ചരിത്രത്തില്‍ ഇവിടെ നിര്‍മ്മിച്ച ഭീമന്‍ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. നാലായിരം കോടിയാണ് കപ്പല്‍ശാലയുടെ വാര്‍ഷിക വരുമാനം. ശനിയാഴ്ച മുതല്‍ ഷിപ്യാര്‍ഡിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ തുടങ്ങും.