മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നിർണയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി ഇന്ന് വീണ്ടും ചേരും. ഉടമസ്ഥാവകാശ രേഖ ഹാജരാക്കാത്ത ഫ്ലാറ്റ് ഉടമകൾക്ക് രേഖകൾ ഹാജരാക്കാൻ സമിതി ഒരാഴ്ചത്തെ സമയം നൽകിയിട്ടുണ്ട്. സ്ഥലത്തിനും കെട്ടിടത്തിനുമായി ഫ്ലാറ്റ് നിർമ്മാതാക്കൾക്ക് നൽകിയ യഥാർത്ഥ തുക ഉൾക്കൊള്ളിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനും സമിതി ഫ്ലാറ്റ് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നഗരസഭ പ്രമാണങ്ങൾ പരിശോധിച്ചു ഇടക്കാല റിപ്പോർട്ട് സമിതിക്ക് കൈമാറും. അതേസമയം, ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായുള്ള പരിസരവാസികളുടെ യോഗം ഇന്ന് ചേരില്ല. ഇന്നലെ വിളിച്ച യോഗത്തിൽ നാട്ടുകാരുടെ ബഹളം ഉണ്ടായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് യോഗം മാറ്റിവെച്ചത്.
Read more
ഒക്ടോബർ പത്തിനാണ് മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെഎസ്ആർഎയിലെ എൻജിനിയർ ആർ മുരുകേശൻ എന്നിവരടങ്ങിയ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായുള്ള കമ്മിറ്റിയുടെ ആദ്യ യോഗം കൊച്ചിയിൽ നടന്നത്. മരട് നഗരസഭ സർക്കാരിന് സമർപ്പിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുമ്പോൾ നഷ്ടപരിഹാരം നൽകാൻ യോഗ്യത ഉള്ളവരുടെ പട്ടിക സമിതി പരിശോധിച്ചിരുന്നു. ഇതുപ്രകാരം ഇതുവരെ 241 പേരാണ് മുഴുവൻ രേഖകളും കൈമാറിയിട്ടുള്ളത്. 54 ഫ്ലാറ്റുകൾ നിർമ്മാതാക്കളുടെ പേരിൽ തന്നെയാണുള്ളത്.