ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതി; സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി

ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. തൃശ്ശൂർ എസിപി സുമേഷിനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.

തൃശൂർ പൂര ദിവസം ആംബുലൻസിൽ തിരുവമ്പാടിയിൽ എത്തിയ സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പും അന്വേഷണം നടത്തുന്നത്. ഗതാഗത കമ്മീഷണർ തൃശ്ശൂർ ആർടിഒ എൻഫോസ്മെന്‍റ് ഓഫീസറോഡാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. തൃശ്ശൂർ സിറ്റി പൊലീസാണ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചത്. സുരേഷ് ഗോപിക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെയും അന്വേഷണം നടത്തുന്നുണ്ട്.

തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സുമേഷിന്റെ പരാതി. പൂരം അലങ്കോലമായ രാത്രി വീട്ടിൽ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയതെന്ന് പരാതിയിൽ പറയുന്നു.

ആംബുലന്‍സിൽ സുരേഷ് ഗോപി എത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലൻസ് സുരേഷ് ഗോപി നിയമവിരുദ്ധമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് പരാതി. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് രോഗികൾക്ക് സഞ്ചരിക്കാൻ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.

Read more