സഖാക്കളോട് പറയുവാനുള്ളത്, അംബേദ്‌ക്കറും അയ്യൻകാളിയും കേവലം ചുവർചിത്രങ്ങളല്ല: രാഹുൽ മാങ്കൂട്ടത്തിൽ

എം ജി സർവ്വകലാശാലയിലെ ജാതി വിവേചനത്തിനെതിരെ ദളിത് വിദ്യാർത്ഥിനിയായ ദീപ പി മോഹനൻ നടത്തിവരുന്ന നിരാഹാരസമരത്തിൽ സി.പി.എമ്മിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. “ജയ് ഭീം ” എന്ന ഒരു ചലച്ചിത്രത്തിലെ ചില കഥാപാത്രങ്ങളിൽ കോരിത്തരിച്ച് കമ്മ്യൂണിസ്റ്റ് ഇടപെടലിന്റെ മാഹാത്മ്യത്തെ പറ്റി കവിതയെഴുതുന്ന സഖാക്കൾ, അവർ ഭരിക്കുന്ന കേരളത്തിലെ, ഗാന്ധിയുടെ നാമധേയത്തിലുള്ള സർവ്വകലാശാലയിലെ ജാതി വിവേചനം കാണാത്തത് എന്താണ് എന്ന് രാഹുൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

കേരളത്തിലെ സഖാക്കളോട് പറയുവാനുള്ളത്, അംബേദ്‌ക്കറും, അയ്യൻകാളിയും കേവലം ചുവർ ചിത്രങ്ങളല്ല. അത് നീണ്ട കാലത്തേക്കുള്ള പോരാട്ടത്തിന്റെ ദിശാബോധമാണ്.

ഇന്നലെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനും സഹപ്രവർത്തകർക്കുമൊപ്പം ദീപയെ കണ്ടപ്പോൾ , അവൾ പറഞ്ഞതത്രയും ഇരയുടെ വിലാപമല്ല, അവകാശ നിഷേധത്തിനെതിരെയുള്ള പ്രതിഷേധവും പ്രതിരോധവുമാണ്.

“ജയ് ഭീം ” എന്ന ഒരു ചലച്ചിത്രത്തിലെ ചില കഥാപാത്രങ്ങളിൽ കോരിത്തരിച്ച് കമ്മ്യൂണിസ്റ്റ് ഇടപെടലിന്റെ മാഹാത്മ്യത്തെ പറ്റി കവിതയെഴുതുന്ന സഖാക്കൾ, അവർ ഭരിക്കുന്ന കേരളത്തിലെ, ഗാന്ധിയുടെ നാമധേയത്തിലുള്ള സർവ്വകലാശാലയിലെ ജാതി വിവേചനം കാണാത്തത് എന്താണ്?

തീയേറ്ററിലെ അരണ്ട വെളിച്ചത്തിൽ കയ്യടിക്കുന്ന നിങ്ങൾ , അഭ്രപാളിക്ക് പുറത്ത് എത്ര ദളിത് വിരുദ്ധരാണ് എന്ന് സ്വയം തിരിച്ചറിയുക…..

Read more

ദീപ പറയുന്നു, രോഹിത് വേമൂലയ്ക്ക് ജീവനോടെ പറയാൻ കഴിയാതിരുന്നതത്രയും ,
ഒരു ആത്മഹത്യാ കുറിപ്പിൽ അവൻ ഒളിപ്പിച്ച മുദ്രാവാക്യങ്ങളത്രയും ഏറ്റെടുത്ത്,
അവൾ ചരിത്രത്തിലെ ഒരു പഞ്ചമിയാകുന്നു…