2023 ലെ ഐപിഎൽ കിരീട വിജയത്തിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്സ് ഇതിഹാസം എംഎസ് ധോണി വിരമിക്കേണ്ടതായിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി പറഞ്ഞു. 2025 ലെ ഐപിഎല്ലിൽ ധോണിയുടെ മറ്റൊരു മോശം പ്രകടനത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പരാമർശം. ധോണിയുടെ ഭാവിയെക്കുറിച്ച് കൃത്യമായ തീരുമാനം ഇനി എങ്കിലും ടീം എടുക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്.
ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരായ ചെന്നൈയുടെ ഹോം മത്സരത്തിൽ ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ ധോണി 26 പന്തിൽ നിന്ന് ഒരു സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടെ 30 റൺസ് മാത്രം നേടി പുറത്താകാതെ നിന്നു. എങ്കിലും ജയിക്കാനുള്ള ഒരു ആർജ്ജവും കാണിക്കാതെയുള്ള ഇന്നിംഗ്സ് ആയിരുന്നു താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ആറാം വിക്കറ്റിൽ വിജയ് ശങ്കറിനൊപ്പം 84 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും, ചെന്നൈ ലക്ഷ്യത്തിൽ നിന്ന് 25 റൺസ് അകലെയായി വീണു. നാല് മത്സരങ്ങളിൽ നിന്നുള്ള അവരുടെ മൂന്നാമത്തെ തോൽവിയും ഈ സീസണിൽ അവരുടെ സ്വന്തം മണ്ണിൽ തുടർച്ചയായ രണ്ടാമത്തെ തോൽവിയുമാണിത്.
കഴിഞ്ഞ രണ്ട് വർഷമായി ധോണിയുടെ പാരമ്പര്യം മോശമാകുന്നത് കണ്ട് ദുഃഖിതനായിരുന്നുവെന്നും 2023 ലെ കിരീട വിജയത്തിനുശേഷം അദ്ദേഹം തന്റെ മഹത്തായ ഐപിഎൽ കരിയർ അവസാനിപ്പിക്കേണ്ടതായിരുന്നുവെന്നും ക്രിക്ക്ബസിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
“ഇവിടെ ഞാൻ അൽപ്പം കർശനമായി പറയുന്നുണ്ടെങ്കിൽ എന്നോട് ക്ഷമിക്കൂ. 2023 ഐപിഎല്ലിനുശേഷം അദ്ദേഹം വിരമിക്കണമായിരുന്നു; അതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സമയം. വർഷങ്ങളായി അദ്ദേഹം നേടിയെടുത്ത എല്ലാ ബഹുമാനവും കണക്കിലെടുക്കുമ്പോൾ, കഴിഞ്ഞ രണ്ട് വർഷമായി ആരാധകർക്ക് അദ്ദേഹത്തിൻറെ മികച്ചത് കാണാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം ദുരന്തമാകുന്നു. ” തിവാരി പറഞ്ഞു.
” ധോണിക്ക് 10 ഓവറിൽ കൂടുതൽ ബാറ്റ് ചെയ്യാൻ കഴിയില്ലെന്ന് സ്റ്റീഫൻ ഫ്ലെമിംഗ് പറഞ്ഞു. പക്ഷേ, 20 ഓവറിലധികം ഫീൽഡ് ചെയ്യുമ്പോൾ ഇല്ലാത്ത പ്രശ്നം ബാറ്റ് ചെയ്യുമ്പോൾ എങ്ങനെ വരുമെന്ന് മനസിലാകുന്നില്ല. ടീം അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കി പുറത്തിരുത്തണം എന്നാണ് എനിക്ക് പറയാനുള്ളത്” മനോജ് തിവാരി പറഞ്ഞു.