ബംഗാള്‍ ഘടകത്തിന്റെ എതിര്‍പ്പ് തള്ളി, സിപിഎമ്മിനെ നയിക്കാന്‍ ഇനി എംഎ ബേബി; മുഖ്യമന്ത്രി പിണറായിക്ക് ഇന്ന് നിര്‍ണായകം

സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ നിര്‍ദേശിക്കാന്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനം. ബംഗാള്‍ ഘടകത്തിന്റെ എതിര്‍പ്പ് തള്ളിയാണ് ബേബിയെ തീരുമാനിച്ചിരിക്കുന്നത്. മലയാളിയും കിസാന്‍സഭ ജനറല്‍ സെക്രട്ടറിയുമായ വിജു കൃഷ്ണന്‍, അരുണ്‍കുമാര്‍ (ആന്ധ്രാപ്രദേശ്), യു. വാസുകി (തമിഴ്നാട്), മറിയം ധാവ്ളെ (മഹാരാഷ്ട്ര), ജിതേന്ദ്ര ചൗധരി (ത്രിപുര) തുടങ്ങിയവരെ പിബിയിലെടുക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ പിബിയില്‍ തുടരും. അതേസമയം, പ്രായപരിധി പിന്നിട്ടവര്‍ ഒഴിയും. മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ഇളവ് അനുവദിക്കുന്നത് ഇന്നു ചേരുന്ന കേന്ദ്രകമ്മിറ്റി പരിഗണിക്കും. 16 അംഗ പിബിയില്‍ 5 പേര്‍ ബേബിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെ എതിര്‍ത്തു.

ബേബിയുടെ മാത്രം പേരാണ് പാര്‍ട്ടി കോഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു നിര്‍ദേശിച്ചത്. ബംഗാളില്‍നിന്നുള്ള അംഗങ്ങളായ സൂര്യകാന്ത മിശ്ര, നിലോല്‍പല്‍ ബസു, മുഹമ്മദ് സലീം, രാമചന്ദ്ര ഡോം, മഹാരാഷ്ട്രയില്‍നിന്നുള്ള അശോക് ധാവ്‌ളെ എന്നിവരാണ് ബേബിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെ എതിര്‍ത്തത്.

മറിയം ധാവ്‌ളെ, ജിതേന്‍ ചൗധരി, അംറാ റാം, വിജു കൃഷ്ണന്‍, അരുണ്‍ കുമാര്‍, ശ്രീദീപ് ഭട്ടചാര്യ, യു.വാസുകി എന്നിവരെ പിബിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചുണ്ട്.