ജനറല്‍ യാത്രക്കാരും ആര്‍പിഎഫും ഇടഞ്ഞു; നേത്രാവതി എക്‌സ്പ്രസില്‍ സംഘര്‍ഷം

നേത്രാവതി എക്‌സ്പ്രസില്‍ സംഘര്‍ഷം. ശനിയാഴ്ച വൈകിട്ട് ജനറല്‍ ടിക്കറ്റ് യാത്രക്കാര്‍ റിസര്‍വ് കോച്ചില്‍ കയറിയതാണ് സംഘര്‍ഷത്തിന് കാരണമായത്. മംഗളൂരു ഭാഗത്തേക്ക് പോകുന്ന ട്രെയ്ന്‍ ഷൊര്‍ണൂര്‍ എത്തിയപ്പോഴാണ് തിരക്ക് കൂടുതലായത്. ജനറല്‍ കോച്ചില്‍ കയറാന്‍ പറ്റാതിരുന്ന യാത്രക്കാര്‍ റിസര്‍വ് കോച്ചില്‍ കയറുകയായിരുന്നു.

ഇതോടെ യാത്രക്കാര്‍ റെയില്‍ മദദ് ആപ്പില്‍ പരാതിപ്പെട്ടു. ഇതേ തുടര്‍ന്ന് ഇനി മുതല്‍ ഷൊര്‍ണൂരില്‍ വണ്ടി പരിശോധിക്കാന്‍ ആര്‍പിഎഫിന് നിര്‍ദേശം നല്‍കി. റിസര്‍വ്ഡ് കോച്ചില്‍ നിന്ന് മുഴുവന്‍ ജനറല്‍ ടിക്കറ്റുകാരെയും പുറത്താക്കാനാണ് നിര്‍ദേശം. ഇതോടെയാണ് കോഴിക്കോട് ആര്‍പിഎഫും യാത്രക്കാരും തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായത്.

മംഗളൂരു ഭാഗത്തേക്കുള്ള വൈകിട്ടുള്ള അവസാന ട്രെയ്ന്‍ നേത്രാവതി എക്സ്പ്രസ് ആണ്. ഇത് കഴിഞ്ഞാല്‍ പിന്നെ കാസര്‍കോട് ഭാഗത്തേക്ക് പുലര്‍ച്ചെ രണ്ടരയ്ക്ക് വരുന്ന ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ആണ് ഉള്ളത്.

രണ്ട് ജനറല്‍ കോച്ചാണ് നേത്രാവതി എക്സ്പ്രസില്‍. അതില്‍ പകുതി കോച്ച് തപാലിന് വിട്ടുകൊടുത്തു. ബാക്കി ഒന്നര കോച്ചിലാണ് നിത്യ ജോലിക്കാരടക്കമുള്ള ജനറല്‍ ടിക്കറ്റുകാര്‍ കയറേണ്ടത്. ജനറല്‍ കോച്ചുകള്‍ കൂട്ടണം എന്നാണ് യാത്രക്കാരുടെ ആവശ്യം.