ഉണങ്ങാത്ത മുറിവുമായി ഒന്നര വര്‍ഷത്തിലേറെയായി കലാപപങ്കിലമായ മണിപ്പൂര്‍ വീണ്ടും അശാന്തിയുടെ ചോരമണക്കുന്ന മണ്ണായി കഴിഞ്ഞു. കലാപത്തിന്റെ നാള്‍വഴികളില്‍ ഒരിക്കല്‍ പോലും സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് കാല്‍കുത്താതെ അവഗണിച്ചുനിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ വിഷയത്തില്‍ വീണ്ടും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. മണിപ്പൂരിലാകട്ടെ ബിജെപി മുഖ്യമന്ത്രി ബിരേണ്‍ സിങ് വീണ്ടും കനക്കുന്ന കലാപത്തിന് മുന്നില്‍ നിന്ന് സ്വന്തം കസേര കാത്തുപിടിക്കാനുള്ള ശ്രമത്തിലാണ്. എന്‍ഡിഎയില്‍ ബിജെപിയ്‌ക്കൊപ്പമുണ്ടായിരുന്ന മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സംഗ്മയുടെ എന്‍പിപി ബിജെപിയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതോടെ രാഷ്ട്രീയമായും ബിജെപി ശക്തമായി തിരിച്ചടി നേരിടുന്നുണ്ട്.
സഖ്യകക്ഷികള്‍ മാത്രമല്ല മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്രത്തിന്റേയും ബിജെപി നേതാക്കളുടേയും നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയ്ക്കുള്ളിലും രാജി നടപടികള്‍ ശക്തമായിട്ടുണ്ട്. അശാന്തമായ ജിരിബാമില്‍ ബിജെപി മന്ത്രിമാരുടേയും എംഎല്‍എമാരുടേയും വീടുകള്‍ക്ക് നേര്‍ക്ക് ആക്രമണം ഉണ്ടായതോടെ ക്രമസമാധാന നില പാടേ തകര്‍ന്നിരിക്കുകയാണ്. കേന്ദ്ര നേതാക്കളോട് പാര്‍ട്ടിയും സര്‍ക്കാരും മണിപ്പൂര്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് ജിരിബാമിലെ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചിരിക്കുകയാണ്. ജിരിബാമിലെ ബിജെപി കമ്മിറ്റി ഭാവാഹികളുടെ രാജി നേതൃത്വത്തിന് കത്തയച്ചു കൊണ്ടാണ്. ബിജെപിയ്ക്കുള്ളിലെ കുകി വിഭാഗത്തിലെ എംഎല്‍എമാരും സംസ്ഥാന ഭരണകര്‍ത്താക്കളോട് മുഖം തിരിച്ചു നില്‍ക്കുന്നതിനാല്‍ പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ പ്രതിസന്ധിയാണ്.
ഒന്നര കൊല്ലമായി തുടരുന്ന മണിപ്പൂരിലെ വംശീയ സംഘര്‍ഷം കൂകി- മേയ്‌തെയ് വിഭാഗങ്ങള്‍ക്കിടയിലെ സംവരണ പ്രശ്‌നങ്ങളിലൂടെ പടര്‍ന്നുപിടിക്കുകയായിരുന്നു. വിഷയം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കാതെ തീകോരിയിട്ട് കലാപമാക്കിയതിന്റെ പേരില്‍ ബിജെപിയുടെ ബിരേണ്‍ സിങ് സര്‍ക്കാര്‍ വ്യാപക വിമര്‍ശനത്തിനിരയായതാണ്. മുഖ്യമന്ത്രിയുടെ രാജിവെയ്ക്കല്‍ നാടകം വരെ കണ്ട ആ പ്രക്ഷോഭ കാലത്തും ബിജെപി സര്‍ക്കാരിന്റെ സമീപനം വോട്ട്ബാങ്ക് ലക്ഷ്യമിട്ടായിരുന്നു. മണിപ്പൂരില്‍ കൊല്ലും കൊലയും കൂട്ടബലാല്‍സംഗവും സ്ത്രീകളെ പീഡിപ്പിച്ച് നഗ്നരാക്കി റോഡിലൂടെ നടത്തിയതുമെല്ലാം വാര്‍ത്തയായപ്പോള്‍ ഇന്റര്‍നെറ്റ് വിച്ഛേദനത്തിലൂടെ വാര്‍ത്ത പുറത്താകാതിരിക്കാനുള്ള നടപടികള്‍ മാത്രമാണ് ഭരണകൂടം ചെയ്തത്.
ഒടുവില്‍ ഒന്ന് അടങ്ങിയെന്ന് തോന്നുന്നതിനിടയിലാണ് വീണ്ടും സംഘര്‍ഷം കനത്തത്. കഴിഞ്ഞയാഴ്ച ജിരിബാമിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മെയ്‌തേയ് കുടുംബത്തിലെ ആറ് പേരെ കുക്കി സായുധസംഘം തട്ടിക്കൊണ്ടുപോകുകയും പിന്നാലെ അഞ്ച് പേരുടേയും മൃതദേഹം കണ്ടെത്തുകയും ചെയ്തതോടെയാണ് സംസ്ഥാനത്ത് വീണ്ടും ആക്രമണം ശക്തമായത്. നദിയില്‍ നിന്ന് തല അറുത്തു മാറ്റപ്പെട്ട നിലയിലാണ് 2 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നു കാണാതായ മുത്തശ്ശിയുടെയും ചെറുമകേന്റതുമായിരുന്നു ഈ മൃതദേഹങ്ങള്‍. കുകി സായുധ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ജിരിബാമില്‍ നടന്ന പ്രതിഷേധം അക്രമസക്തമായി. പിന്നാലെ ജനക്കൂട്ടം ബിജെപിയുമായി ബന്ധമുള്ള നിരവധി രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തതോടെ ഭരണകൂടം പ്രതിസന്ധിയിലായി.
ഇതിന് പിന്നാലെയാണ് സഖ്യം അവസാനിപ്പിച്ചു സംഗ്മയുടെ എന്‍പിപി ബിജെപിയെ പ്രതിരോധത്തിലാക്കിയത്. മണിപ്പൂരിലെ 60 അംഗ നിയമസഭയില്‍ 31 എന്ന കേവല ഭൂരിപക്ഷത്തിന് മേലെയാണ് ബിജെപിയെങ്കിലും സഖ്യകക്ഷി മുന്നണി വിട്ടത് കനത്ത തിരിച്ചടിയായിട്ടുണ്ട് ബിരേണ്‍ സിങ് സര്‍ക്കാരിന്. മണിപ്പൂരിനെ കലാപത്തിലാക്കിയ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന് എന്‍പിപി അധ്യക്ഷന്‍ സംഗ്മ കത്തയച്ചതി ഇങ്ങനെയാണ്.
മണിപ്പൂരില്‍ പ്രതിസന്ധി പരിഹരിക്കുന്നതിലും സാധാരണ ക്രമസമാധാന നില പുനഃസ്ഥാപിക്കുന്നതിലും ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് ഞങ്ങള്‍ ശക്തമായി കരുതുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, മണിപ്പൂരിലെ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നു.
ഞായറാഴ്ച എന്‍പിപി പിന്തുണ പിന്‍വലിച്ചതോടെ 37 എംഎല്‍എമാരുള്ള ബിജെപി ഒന്നുലഞ്ഞു. പക്ഷേ സര്‍ക്കാര്‍ താഴെ വീഴാതെ കാക്കാനുള്ള ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ബിരേണ്‍ സിങ് ലാഘവമായി കാര്യങ്ങള്‍ നീക്കുന്നതിനിടയിലാണ് പാര്‍ട്ടിയ്ക്കുള്ളിലും കലാപം ഉയര്‍ന്നിരിക്കുന്നത്. 7 കുകി എംഎല്‍എമാര്‍ ബിജെപിയ്ക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തി കഴിഞ്ഞു. ജിരിബാമിലെ ബിജെപി ഭാരവാഹികള്‍ പ്രതിഷേധ സൂചകമായി രാജിവെച്ചു. ഇതോടെ എംഎല്‍എമാരുടെ യോഗം വിളിച്ചിരിക്കുകയാണ് ബിരേണ്‍ സിങ്. അപ്പുറത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും അക്രമം ചെറുക്കാന്‍ എന്തു ചെയ്യാനാകുമെന്ന നോക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ മണിപ്പൂര്‍ വിഷയത്തില്‍ എന്നത്തേയും പോലെ മൗനത്തിലാണ്. എന്‍പിപി പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ബിജെപിയിലെ 7 കുകി എംഎല്‍എമാര്‍ രാജിവെയ്ക്കുമോയെന്ന പേടിയില്‍ നിയമസഭയില്‍ വിശ്വാസം തെളിയിക്കേണ്ടി വരുമോയെന്ന ആശങ്ക മാത്രമാണ് ബിജെപിയെ ഭരിക്കുന്നത്. മണിപ്പൂര്‍ കത്തിയമരുമ്പോഴും പിടഞ്ഞുവീഴുന്ന ജീവനുകളും അശാന്തമായ താഴ്‌വാരവും കണ്ടു കണ്ണടച്ച് ഇരുട്ടാക്കിയവര്‍ സ്വന്തം മന്ത്രിമാരും എംഎല്‍എമാരും ആക്രമിക്കപ്പെടുന്നത് കാണുമ്പോഴാണ് കലാപത്തിന്റെ ചൂടും ചൂരും തിരിച്ചറിയുന്നത്.