രാഹുല്‍ ഗാന്ധി എത്തില്ല; പ്രധാനമന്ത്രിയുടെ യുവം പരിപാടിക്ക് ബദല്‍ പ്രഖ്യാപിച്ച് വെട്ടിലായി കെ.പി.സി.സി

പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിക്ക് ബദല്‍ പ്രഖ്യാപിച്ച് വെട്ടിലായി കെപിസിസി. രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ച് കൊച്ചിയില്‍ യുവാക്കളുമായുള്ള സംവാദ പരിപാടി സംഘടിപ്പിക്കുമെന്നായിരുന്നു കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിന് തൃശൂരില്‍ എത്തുന്ന രാഹുല്‍ ഗാന്ധിയെ ബദല്‍ പരിപാടിക്ക് എത്തില്ല. മെയ് രണ്ടാം വാരത്തിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസിന്റെ സമ്മേളനം തൃശൂരില്‍ നടത്താനായി നിശ്ചയിച്ചിരിക്കുന്നത്.

ഈ പരിപാടിക്ക് എത്തുന്ന രാഹുല്‍ ഗാന്ധിയെ കൊച്ചിയിലെ പരിപാടിയിലേക്ക് മാറ്റാനുള്ള രാഷ്ടീയകാര്യ സമിതിയുടെ തീരുമാനത്തിനെതിരെ ഷാഫി പറമ്പിലാണ് കെപിസിസിയെ സമീപിച്ചത്. ഇതോടെ യുവം പരിപാടിക്ക് ബദല്‍ ഒരുക്കാനുള്ള കോണ്‍ഗ്രസ് നീക്കം പ്രതിസന്ധിയിലായി.

യൂത്ത് കോണ്‍ഗ്രസ് സമ്മേളനം കൊച്ചിയിലേക്ക് മാറ്റണമെന്ന നിര്‍ദേശത്തോടും യൂത്ത് കോണ്‍ഗ്രസ് നേതൃത്വം എതിര്‍പ്പ് അറിയിച്ചു. മാത്രമല്ല യൂത്ത് കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിയാലോചിക്കാതെ കെപിസിസി യുവാക്കളെ അണിനിരത്തിയുള്ള പരിപാടി പ്രഖ്യാപിച്ചതിലും സംസ്ഥാന നേതൃത്വം പ്രതിഷേധത്തിലാണ്.

Read more

കര്‍ഷകരെയും യുവാക്കളെയും ഉള്‍പ്പെടുത്തിയുള്ള സംവാദ പരിപാടിയാണ് കെപിസിസി കൊച്ചിയില്‍ ലക്ഷ്യമിട്ടത്. എന്നാല്‍ മോദിയുടെ പരിപാടിക്ക് ബദല്‍ ഒരുക്കുന്നത് അനാവശ്യമായ പ്രസക്തി നല്‍കലാണെന്ന വിലയിരുത്തലാണ് യൂത്ത് കോണ്‍ഗ്രസിന്.