ചാണ്ടി ഉമ്മനെ അനുകൂലിച്ചു; യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിലിനെതിരെ പാർട്ടി നടപടി

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ ചാണ്ടി ഉമ്മനെ അനുകൂലിച്ച യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിലിനെതിരെ പാർട്ടി നടപടി. മാധ്യമ വിഭാഗം പാനലിൽ നിന്ന് അഖിലിനെ ഒഴിവാക്കി. വിഷയത്തിൽ അനുമതിയില്ലാതെ ചാണ്ടിയെ അനുകൂലിച്ച് പാർട്ടിക്കെതിരെ സംസാരിച്ചെന്നതാണ് അഖിലിനെതിരായ കുറ്റം.

അതിനിടെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നിന്നുളള ഒറ്റക്കുള്ള ചിത്രം ചാണ്ടി ഉമ്മൻ എംഎൽഎ പങ്ക് വെച്ചു. പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ രംഗത്തെത്തിയതാണ് വിവാദമായി മാറിയത്. എല്ലാവർക്കും ചുമതലകൾ നൽകി, തനിക്ക് ചുമതല തന്നില്ല. അന്ന് പറയേണ്ട എന്ന് കരുതിയതിനാലാണ് പറയാതിരുന്നതെന്ന് ചൂണ്ടിക്കാണിച്ച ചാണ്ടി ഉമ്മൻ ഇതേക്കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. പാർട്ടി പുനഃസംഘടനയില്‍ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടിരുന്നു.

വിഷയം വിവാദമായതോടെ, താൻ മാധ്യമങ്ങളുടെ ചോദ്യത്തിന് നൽകിയ ഉത്തരം വളച്ചൊടിച്ചതാണെന്നും ചാണ്ടി പറഞ്ഞിരുന്നു. കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ പിന്തുണയ്ക്കുന്നതായും ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു. കെ സുധാകരനെ മാറ്റേണ്ടതില്ല. സുധാകരന്റെ നേതൃത്വത്തിലാണ് ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ചത്. സുധാകരനെ മാറ്റുന്നതിനെക്കുറിച്ച് ചർച്ച പോലും ഉണ്ടാകരുതെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

നേരത്തെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്തെ ചാണ്ടി ഉമ്മൻ്റെ അസാന്നിധ്യം ചർച്ചയായിരുന്നു. ചാണ്ടി ഉമ്മൻ സജീവമാകാത്തത് ചർച്ചയായതോടെ കെസി വേണുഗോപാൽ ഇടപെട്ടാണ് ചാണ്ടി ഉമ്മനെ പാലക്കാട് എത്തിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തിയപ്പോൾ ചാണ്ടി ഉമ്മൻെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു.